തദ്ദേശ തിരഞ്ഞെടുപ്പ്: ഇടതുസ്ഥാനാർഥിയെ കണ്ടെത്താൻ പൊലീസും

Mail This Article
തിരുവനന്തപുരം ∙ വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥിനിർണയത്തിൽ പൊലീസിനും ‘പങ്ക്’ ഉണ്ടാകും. 7 മാസത്തിനകം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഓരോ വാർഡിലെയും പ്രശ്നങ്ങൾ, തദ്ദേശസ്ഥാപനത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നുണ്ടാകേണ്ട പരിഹാരനടപടി, മുന്നണി സ്ഥാനാർഥിയുടെ വിജയസാധ്യത എന്നിവ പരിശോധിച്ച് അറിയിക്കാനാണ് ഉന്നതതല നിർദേശം. ഇതുവരെ മുന്നണികളുടെ വിജയസാധ്യത മാത്രമാണു സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സർക്കാരിനു കൈമാറിയിരുന്നത്.
പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയവരെ വീണ്ടും മത്സരിപ്പിക്കണോ, മത്സരിച്ചാൽ ജയിക്കുമോ, പുതുമുഖത്തെ രംഗത്തിറക്കിയാൽ വിജയസാധ്യതയുണ്ടോ എന്നിവയും പൊലീസ് തിരക്കുന്നുണ്ട്. മുന്നണി സ്ഥാനാർഥിനിർണയത്തിൽ ഇതും ഘടകമായേക്കാം. സിപിഎം അനുകൂല സംഘടനയിൽപെട്ട സ്പെഷൽ ബ്രാഞ്ചുകാരെയാണ് ഇതിനു നിയോഗിക്കുക.