‘സ്വന്തം നാടായിക്കരുതി സേവനം ചെയ്തു; മർദനവിവരം ഞങ്ങളിൽനിന്ന് മറച്ചുവച്ചു’

Mail This Article
കുറവിലങ്ങാട് ∙ ‘ഒഡീഷ പൊലീസിൽ നിന്ന് ഇങ്ങനെയൊരു അതിക്രമം ഉണ്ടാകുമെന്ന് അച്ചൻ വിചാരിച്ചില്ല. ഒഡീഷ സ്വദേശിയായ അസിസ്റ്റന്റ് വികാരിക്കും കാര്യമായി മർദനമേറ്റു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഏതായാലും ഇന്നും അച്ചൻ വിഡിയോ കോൾ ചെയ്തിരുന്നു. അതൊരു ആശ്വാസമാണ്’ - തോട്ടുവാ ജയ്ഗിരി വലിയകുളത്തിൽ വീട്ടിലിരുന്ന് ഫാ. ജോഷി ജോർജിന്റെ സഹോദരങ്ങൾ പറഞ്ഞു.
ബരാംപുർ രൂപതയിലെ ജുബ ഇടവക വികാരി ഫാ. ജോഷി ജോർജിനും അസിസ്റ്റന്റ് വികാരിക്കും നേരെ 22ന് ആണു പൊലീസ് അതിക്രമം നടന്നത്. ഉൾഗ്രാമമായ ഇവിടെ സമീപപ്രദേശത്ത് ആദിവാസികളുടെ ഇടയിൽ പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്നു പൊലീസ് പള്ളിയിലേക്കും എത്തുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവരെ കയ്യേറ്റം ചെയ്യാനും മർദിക്കാനും തുടങ്ങിയപ്പോൾ തടയാൻ ചെന്നതായിരുന്നു വികാരി ഫാ. ജോഷിയും സഹവൈദികനും. പള്ളിവക വസ്തുക്കളും പൊലീസ് നശിപ്പിച്ചു.
‘ഞങ്ങൾ വിഷമിക്കേണ്ടെന്നു കരുതി അച്ചൻ ഈ വിവരമൊന്നും പറഞ്ഞില്ല. ഓസ്ട്രേലിയയിലുള്ള ഒരു സഹോദരൻ ഏതോ മാധ്യമത്തിലൂടെ വിവരമറിഞ്ഞ് വിളിച്ചപ്പോഴാണ് അച്ചൻ വിവരം പറഞ്ഞത്’ - സഹോദരങ്ങൾ പറഞ്ഞു. ഫാ. ജോഷിയുടെ മറ്റൊരു സഹോദരൻ ഫാ. സാവിയോ ജോർജും ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്. ഇവരുടെ പിതാവ് പരേതനായ ജോർജിന്റെ ചരമവാർഷികത്തിനായാണ് അദ്ദേഹം എത്തിയത്. ചെറുപുഷ്പ സഭാംഗമായ ഫാ. സാവിയോ ലക്നൗവിലാണ്. 7 ആൺമക്കളാണ് പരേതനായ ജോർജ് - ഏലിയാമ്മ ദമ്പതികൾക്കുള്ളത്. നാട്ടിലുള്ള സണ്ണി, ജോമോൻ, ജോയൽ എന്നിവരോട് ഇന്നലെയും ഫാ. ജോഷി (55) വിഡിയോ കോളിൽ സംസാരിച്ചിരുന്നു.
1985ൽ ആണു ഫാ. ജോഷി ലത്തീൻ സഭയുടെ ബരാംപുർ രൂപതയിലെ വൈദികനായത്. 40 വർഷമായി അവിടെയാണ്. സ്വന്തം നാടുപോലെയും നാട്ടുകാരെപ്പോലെയുമാണ് ഫാ. ജോഷിക്ക് ഇടവകയായ ജുബയും. ആദ്യമായാണ് ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നതെന്നു സഹോദരങ്ങൾ പറഞ്ഞു. രണ്ടു വർഷം മുൻപാണ് ഫാ. ജോഷി നാട്ടിലെത്തിയത്. കേസിന്റെ മറ്റു കാര്യങ്ങൾ രൂപതയാണു തീരുമാനിക്കുന്നതെന്നും ഫാ. സാവിയോ പറഞ്ഞു.