കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170–ാം ജന്മദിനാഘോഷം നാളെ

Mail This Article
കോട്ടയം ∙ മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ നാളെ (9) രാവിലെ 10.30ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, കെ.ഫ്രാൻസിസ് ജോർജ് എംപി, എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ, മുൻ എംപി കെ.സുരേഷ് കുറുപ്പ്, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി.ശശിധര ശർമ എന്നിവർ പ്രസംഗിക്കും.
മാമ്മൻ മാപ്പിള ഹാളിലെ സമ്മേളനത്തിനു മുന്നോടിയായി നാളെ രാവിലെ 10നു കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പൂർണകായ പ്രതിമ ഗവർണർ അനാഛാദനം ചെയ്യും. കെ.എൻ.നാരായണൻ ഉണ്ണി പ്രസിഡന്റും വി.ശശിധര ശർമ സെക്രട്ടറിയുമായ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റാണ് പ്രതിമ നിർമാണത്തിനു മേൽനോട്ടം വഹിച്ചത്. 1968ൽ രൂപീകരിച്ച സ്മാരക സമിതിയാണ് പിന്നീട് ട്രസ്റ്റായി മാറിയത്. 1977 മേയ് 14നു കോടിമതയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക കലാമന്ദിരം ഉദ്ഘാടനം ചെയ്തു. 1980 സെപ്റ്റംബർ 15നു കലാമന്ദിരത്തിൽ കെഎസ്എസ് സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ ചിത്രകലാ വിദ്യാലയം ആരംഭിച്ചു. 1981 മുതൽ ശങ്കുണ്ണി സ്മാരക പ്രഭാഷണ പരമ്പരയ്ക്കും തുടക്കം കുറിച്ചു.
സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നാളെ
കോട്ടയം ∙ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചു മലയാള മനോരമ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. നാളെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുക്കുന്ന സമ്മേളനത്തിനു മുന്നോടിയായാണു മത്സരം. റജിസ്ട്രേഷൻ രാവിലെ 8.30ന്. മത്സരം 8.45ന് ആരംഭിക്കും. വിദ്യാർഥികൾക്കു നേരിട്ടെത്തി സൗജന്യമായി റജിസ്റ്റർ ചെയ്യാം.
എൽപി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. വരയ്ക്കാനുള്ള ചാർട്ട് പേപ്പർ നൽകും. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഐതിഹ്യമാലയിലെ ഏതെങ്കിലും കഥാസന്ദർഭം വരയ്ക്കാം. എൽപി-യുപി വിഭാഗത്തിനു വിഷയം തൽസമയം നൽകും. ജേതാക്കൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും വേദിയിൽ സമ്മാനിക്കും. ചടങ്ങിനുശേഷം ചിത്രരചന സംബന്ധിച്ച് ക്ലാസും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്: 7012668149.