പ്രസവത്തിന് ആശുപത്രിയിൽ പോകേണ്ടതില്ലെന്ന മനോഭാവം അപകടകരം, പ്രസവം ലളിതമല്ല; അപകടസാധ്യതകൾ ഏറെ

Mail This Article
1951ൽ രാജ്യത്ത് ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ 1000 പേർ മരിച്ചിരുന്നുവെന്നാണു മുദലിയാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. പ്രസവങ്ങൾ ആശുപത്രിയിലേക്കു മാറിയതോടെ മരണങ്ങൾ കുറഞ്ഞു. 2018ലെ കണക്കുപ്രകാരം പ്രസവസമയത്ത് രാജ്യത്ത് 97 സ്ത്രീകൾ മരിച്ചു. സംസ്ഥാനത്ത് ഇത് 19 ആണ്. അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള തോന്നൽ ചിലരിലെങ്കിലും വന്നിട്ടുണ്ട്. ഈ മനോഭാവം അപകടം നിറഞ്ഞതാണ്.
അമിത രക്തസ്രാവം
മാതൃമരണങ്ങളുടെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അമിത രക്തസ്രാവവും അമിത രക്തസമ്മർദവും അണുബാധയുമെല്ലാമാണ്. ഇവ തടയാനുള്ള സാഹചര്യങ്ങളാണ് പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ലേബർ റൂമിൽ ഒരുക്കുന്നത്. പ്രസവശേഷം സാധാരണ ഹോർമോൺ പ്രവർത്തനത്തിൽ ഗർഭപാത്രം ചുരുങ്ങും. എന്നാൽ ചില സ്ത്രീകൾക്ക് ഇങ്ങനെ സംഭവിക്കാതെ വന്നാൽ അമിതമായി രക്തം പുറത്തുവരുന്ന പ്രശ്നമുണ്ടാകും. ഉടൻ കൃത്യമായ ചികിത്സ നൽകേണ്ടതുണ്ട്.
ദീർഘമായ പ്രസവം
എല്ലാ പരിശോധനാഫലങ്ങളും നോർമൽ ആണെങ്കിലും ചിലരിൽ പെട്ടെന്നു പ്രസവം തടസ്സപ്പെട്ടേക്കാം. പ്രസവസമയത്ത് കുഞ്ഞു പുറത്തുവരുന്ന, ഇടുപ്പെല്ലിലൂടെയുള്ള സഞ്ചാരപാതയിൽ തടസ്സംവരുന്നതാണ് ഈ സ്ഥിതി. പരിചയസമ്പത്തുള്ള ഒരു ഡോക്ടർക്കു മാത്രമേ ഇതു തിരിച്ചറിഞ്ഞ് അടിയന്തര നടപടി സ്വീകരിക്കാനാകൂ.
രക്തസമ്മർദം
പ്രസവത്തിനു മുൻപു രക്തസമ്മർദം വളരെ സാധാരണമായിരുന്നവരിൽപോലും പ്രസവസമയത്തോ ശേഷമോ അസാധാരണമായി രക്തസമ്മർദം കൂടുന്ന അവസ്ഥ വരാം. ഇതുമൂലം അപസ്മാരം ഉൾപ്പെടെ വരാറുണ്ട്. അപൂർവമായാണെങ്കിലും പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന തലച്ചോറിലെ രക്തസ്രാവം, അപസ്മാരം എന്നിവ മാതൃമരണത്തിനു കാരണമാകും.
കുഞ്ഞിന്റെ ഹൃദയമിടിപ്പ്
പ്രസവം മുന്നേറുമ്പോൾ കൃത്യമായ ഇടവേളകളിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കുന്നതു വളരെ പ്രധാനമാണ്. ഇലക്ട്രോണിക് ഫീറ്റൽ മോണിറ്ററിങ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ഹൃദയമിടിപ്പ് അമിതമായി കുറഞ്ഞുവരികയാണെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.
അണുബാധ
പ്രസവത്തിന്റെ ഭാഗമായി അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ തടയുന്നതു വളരെ പ്രധാനമാണ്. അതിനായി പ്രസവമുറിയും ഉപകരണങ്ങളും അണുവിമുക്തമായി സൂക്ഷിക്കണം. അണുബാധ ഉണ്ടായാൽ കൃത്യസമയത്തു ചികിത്സ നൽകാൻ സാധിക്കണം.
സർക്കാർ ആശുപത്രികൾ
ഗർഭകാല പരിചരണവും അനുബന്ധ ചികിത്സയും അമ്മയ്ക്കും കുഞ്ഞിനും തികച്ചും സൗജന്യമായാണു സർക്കാർ ആശുപത്രികളിൽ നൽകുന്നത്. ഇതിനുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ഈ ആശുപത്രികളിൽ ലഭ്യമാണ്.