സ്വകാര്യമേഖലയിലും വേണം സംവരണം: ചെന്നിത്തല, കൊടിക്കുന്നിൽ

Mail This Article
അഹമ്മദാബാദ് ∙ സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും; ഭൂതകാല പാർട്ടിയാകാതെ ഭാവിയിലെ കോൺഗ്രസിനെയാണ് ഒരുക്കേണ്ടതെന്നു ശശി തരൂർ. വിശാല പ്രവർത്തക സമിതിയിൽ പങ്കെടുത്ത 5 കേരള നേതാക്കളിൽ കെ.സി. വേണുഗോപാലിനു പുറമേ ഈ 3 പേർ മാത്രമാണു സംസാരിച്ചത്.
സാമുദായിക വിഭജനത്തിനു ബിജെപി നടത്തുന്ന ശ്രമത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നാണു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. വഖഫിന്റെ പശ്ചാത്തലത്തിൽ ബിജെപി നടത്തുന്ന ഇടപെടലുകളും ചൂണ്ടിക്കാട്ടി. ക്രൈസ്തവരുടെ ഭൂമി ലക്ഷ്യമിട്ടു ബിജെപി ചർച്ച് ബിൽ ഉൾപ്പെടെ നീക്കം നടത്തുന്നു.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസിനെ ഉപേക്ഷിച്ചുപോയ വോട്ടർമാരെ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് അടിയന്തരമായി പാർട്ടി കടക്കണമെന്ന് ശശി തരൂർ നിർദേശിച്ചു. ക്രിയാത്മകമായ പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാടു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും കഴിയണം.
ദലിത്, ഒബിസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും ജാതി സെൻസസിന്റെ ആവശ്യകതയും രാജ്യത്ത് ചർച്ചയായത് രാഹുൽ ഗാന്ധി വിഷയം ഉയർത്തിക്കാട്ടിയതു കൊണ്ടാണെന്നു കൊടിക്കുന്നിൽ പറഞ്ഞു. സർക്കാർ സർവീസിൽ നിയമനങ്ങൾ നടത്താതെ കരാർ തൊഴിലിൽ ഒതുക്കുന്നതിലെ പ്രശ്നം കോൺഗ്രസ് ഉയർത്തിക്കാട്ടണം.
രാഹുൽ ഗാന്ധി ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളോടു ചേർന്നു നിൽക്കുന്ന സ്വരമായിരുന്നു മിക്കവാറും നേതാക്കൾക്കും. മൂന്നര മണിക്കൂർ നീണ്ട യോഗത്തിൽ 38 പേർ ആകെ സംസാരിച്ചു. സോണിയ ഗാന്ധി നിശ്ശബ്ദമായി നടപടികൾ വീക്ഷിച്ചു.
സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണു യോഗം നിയന്ത്രിച്ചത്. ഖർഗെയുടെ അധ്യക്ഷ പ്രസംഗത്തിനു ശേഷം പ്രമേയ കമ്മിറ്റി അധ്യക്ഷൻ രൺദീപ് സിങ് സുർജേവാല സമ്മേളനത്തിനായി തയാറാക്കിയ പ്രമേയങ്ങൾ അവതരിപ്പിച്ചു.