പമ്പുകളിൽ ഇന്ധനമല്ലാതെ എന്തൊക്കെ കിട്ടും?

Mail This Article
തൊടുപുഴ∙ പെട്രോൾ പമ്പിലെ ശുചിമുറി തുറന്നു കൊടുക്കാത്തതിന് ഉപഭോക്തൃ കോടതി പമ്പുടമയ്ക്ക് 1.65 ലക്ഷം രൂപ പിഴയിട്ടത് കഴിഞ്ഞ ദിവസമാണ്. പമ്പുകളിലെ സൗജന്യവും അല്ലാത്തതുമായ സേവനങ്ങൾ അറിയാം.
സൗജന്യ സേവനങ്ങൾ
1. ശുചിമുറി : പെട്രോൾ പമ്പുകളിലെ ശുചിമുറി യാത്രക്കാർക്കായി തുറന്നു കൊടുക്കണമെന്ന് സർക്കാർ നിർദേശം ഉണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ശുചിമുറികൾ വേണം. ഇവ വൃത്തിയായി സൂക്ഷിക്കണം. ഇവ ഇന്ധനം വാങ്ങാൻ വരുന്നവർക്കു മാത്രമുള്ളതല്ല, എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാമെന്നും നിർദേശമുണ്ട്.
2. ശുദ്ധജലം: പമ്പുകളിൽ കുടിക്കാൻ ശുദ്ധജലം ലഭ്യമാക്കണം.
3. എയർ: വാഹനങ്ങളുടെ ടയറിലെ പ്രഷർ പരിശോധിച്ചു കാറ്റ് നിറയ്ക്കാൻ സൗകര്യം വേണം. നൈട്രജൻ സൗജന്യമായി നൽകാൻ നിർദേശമില്ല.
നിർബന്ധിതമല്ലാത്ത സേവനങ്ങൾ
1. പാർക്കിങ് : പമ്പ് ഉടമകളുടെ അനുവാദത്തോടെ വാഹനങ്ങൾ പാർക്ക് ചെയ്യാം.
2. ഗ്ലാസ് ക്ലീനിങ് : ഇന്ധനം നിറയ്ക്കുന്ന സമയത്തിനിടെ ചില പമ്പുകളിൽ വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കും. ഇതു നിർബന്ധിത സേവനമല്ല.
3. ഓയിൽ : എൻജിൻ ഓയിൽ ലഭ്യമാക്കിയിട്ടുള്ള പമ്പുകളുണ്ട്. സൗജന്യമായോ അല്ലാതെയോ ഈ സേവനം പമ്പ് ഉടമകൾക്ക് ലഭ്യമാക്കാം. എല്ലാ പമ്പിലും വേണമെന്ന നിർദേശമില്ല.
വിവരങ്ങൾക്ക് കടപ്പാട്: ടോമി തോമസ്, പ്രസിഡന്റ്, ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ