ഡിസിസികളിൽ മാറ്റം വരുന്നു; അഹമ്മദാബാദ് തീരുമാനം ഉൾക്കൊണ്ടുള്ള അഴിച്ചുപണിയിലേക്ക് കോൺഗ്രസ്

Mail This Article
തിരുവനന്തപുരം∙ അഹമ്മദാബാദ് എഐസിസി സമ്മേളന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഡിസിസികളിൽ വൈകാതെ മാറ്റം വരും. പ്രധാനനേതാക്കളെ തന്നെ ഡിസിസി പ്രസിഡന്റുമാരാക്കാനാണ് ആലോചന. ഏതാനും മാസം മുൻപ് മാത്രം പുതിയ പ്രസിഡന്റിനെ വച്ച തൃശൂർ ഒഴികെ 13 ഡിസിസികളിലും പുതിയവർ വരട്ടെയെന്ന അഭിപ്രായത്തിലാണു നേതൃത്വം. അതേസമയം കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെയും ഡിസിസി ഭാരവാഹികളെയും ചർച്ചകളിലൂടെ നിശ്ചയിക്കാനുള്ള അധികാരം ഇനി ഡിസിസി പ്രസിഡന്റുമാർക്കായിരിക്കും. നിയമസഭാ, ലോക്സഭാ സ്ഥാനാർഥി നിർണയത്തിലും റോളുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചേരുമ്പോൾ ബന്ധപ്പെട്ട ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷരെ പങ്കെടുപ്പിക്കുന്നത് പരിഗണനയിലാണ്. പകുതിയോളം ഡിസിസി അധ്യക്ഷരുടെ പ്രവർത്തനത്തെക്കുറിച്ച് നേതൃത്വത്തിനു മതിപ്പുണ്ട്. എന്നാൽ കുറച്ചുപേരെ നിലനിർത്തി, മറ്റുള്ളവരെ മാറ്റുന്നത് അസ്വസ്ഥതയ്ക്കു കാരണമാകുമെന്നാണ് ആശങ്ക. ഡിസിസി പ്രസിഡന്റുമാരിൽ ഏറിയ പങ്കും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവരാണ് എന്നതിനാൽ സ്ഥാനമാറ്റത്തോട് അവരും മുഖം തിരിക്കാനിടയില്ല. അഹമ്മദാബാദിലെ നിർദേശം പ്രാബല്യത്തിൽ വന്നാൽ ഡിസിസി പ്രസിഡന്റുമാർ പൂർണമായും സംഘടനാ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കണം; തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്.
ഭാരവാഹി നിര അപ്പാടെ മാറും
നിലവിലെ ഡിസിസി പ്രസിഡന്റുമാർ മൂന്നര വർഷം മാത്രമേ പിന്നിട്ടിട്ടുള്ളൂ. എന്നാൽ ഡിസിസി ഭാരവാഹികൾ 12 വർഷം കഴിഞ്ഞവരാണ്. ഈ ഭാരവാഹി നിര അപ്പാടെ മാറും. ബ്ലോക്ക്, മണ്ഡലം, വാർഡ് അഴിച്ചുപണി അടുത്തകാലത്ത് ഏതാണ്ട് പൂർത്തിയായതിനാൽ ഡിസിസികളിലെ മാറ്റമാകും തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുള്ള പ്രധാന ദൗത്യം. ഈ മാസം തന്നെ ചർച്ച തുടങ്ങും. കെപിസിസിയിലെ ഒഴിവുകളും നികത്തും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു കെ.സുധാകരനെ മാറ്റുക, അദ്ദേഹത്തെ നിലനിർത്തി സഹായിക്കാനായി സഹ ഭാരവാഹികളുടെ ശക്തമായ ടീം ഉണ്ടാക്കുക എന്നീ നിർദേശങ്ങളിൽ ഏതു വേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനുള്ള ശ്രമം തുടരുന്നു.