യുവാവും പെൺസുഹൃത്തും ചേർന്ന് ഭാര്യയെ മർദിച്ചു, കിണറ്റിൽ തള്ളിയിട്ടു; പിന്നാലെ കിണറ്റിൽ ചാടി വീണ്ടും മർദനം

Mail This Article
ഏറ്റുമാനൂർ ∙ യുവാവും പെൺസുഹൃത്തും ചേർന്നു ഭാര്യയെ മർദിച്ചു കിണറ്റിൽ തള്ളി. പിന്നാലെ കിണറ്റിൽ ചാടിയ യുവാവ് കിണറ്റിനുള്ളിൽ വച്ചു വീണ്ടും മർദിച്ചെന്നും ഭാര്യ പരാതി നൽകി. ഏറ്റുമാനൂർ പൊലീസും അഗ്നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭർത്താവിനെയും കിണറ്റിൽനിന്നു കയറ്റി. ഏറ്റുമാനൂർ പുന്നത്തുറയിൽ വാടകയ്ക്കു താമസിക്കുന്നവരാണ് 37 വയസ്സുള്ള യുവാവും 35 വയസ്സുള്ള ഭാര്യയും.
കിണറ്റിൽ വീണ് കാലിനും കൈയ്ക്കും പരുക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനും പരുക്കുണ്ട്. ദമ്പതികൾ തമ്മിൽ വർഷങ്ങളായി വഴക്കും കുടുംബപ്രശ്നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭർത്താവ് തന്നെ മർദിക്കുന്നതായി യുവതി ഏറ്റുമാനൂർ പൊലീസിലും വനിതാ സെല്ലിലും മുൻപേ തന്നെ പരാതി കൊടുത്തിട്ടുണ്ട്.
രണ്ടു വർഷങ്ങൾക്കു മുൻപു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാർഡ് കൗൺസിലർ ഇടപെട്ടു തനിക്കും മക്കൾക്കുമായി വാടകവീട് എടുത്തു നൽകിയെന്നും യുവതി പറയുന്നു. പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്നങ്ങൾ തുടർന്നു. തുടർന്നാണ് പെൺ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റിൽ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു. പൊലീസ് കേസെടുത്തിട്ടില്ല. ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.