ചെ ഗവാര ബേബിയുടെ വാച്ചിന്റെ ഐശ്വര്യം; ഇത് ‘ജനറൽ സെക്രട്ടറിമാരുടെ വാച്ച്

Mail This Article
ന്യൂഡൽഹി ∙ സമയം നോക്കുമ്പോൾ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ക്യൂബൻ വിപ്ലവ നായകൻ ചെ ഗവാരയെ കൂടി കാണും! 32 വർഷമായി അതാണു ശീലം. 1993 ലെ ക്യൂബ സന്ദർശനത്തിനിടെ അവിടത്തെ വിഖ്യാത നടൻ സെർഗിയോ കൊറിയേരി സമ്മാനിച്ച, ഡയലിൽ ചെ ഗവാരയുടെ ചിത്രമുള്ള വാച്ച് ബേബി ഇതുവരെ മാറ്റിയിട്ടില്ല. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലേക്ക് ഈ വാച്ചും കെട്ടി ബേബിയെത്തുമ്പോൾ, സെർഗിയോയുടെ ഇഷ്ടവും വാച്ചും സ്വന്തമാക്കിയ മറ്റു 3 പേരും കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്തെത്തിയെന്ന കൗതുകവുമുണ്ട്.
1993 ൽ ക്യൂബൻ സോളിഡാരിറ്റി കോൺഫറൻസിനു പോയപ്പോഴാണ് ബേബിക്ക് സെർഗിയോ ഈ വാച്ച് സമ്മാനിച്ചത്. സിപിഎം ജനറൽ സെക്രട്ടറിമാരായിരുന്ന ഹർകിഷൻ സിങ് സുർജിത്, സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി. ബർദൻ എന്നിവർക്കും വാച്ച് ലഭിച്ചു. പലതവണ കേടായിട്ടും ബേബി ഈ വാച്ചുപേക്ഷിച്ചില്ല. കുറേയധികം പുതിയ വാച്ചുകൾ വാങ്ങാൻ വേണ്ട പണം ഇതു നന്നാക്കാൻ വേണ്ടിവന്നു.
ഈ വാച്ചിനോടുള്ള ബേബിയുടെ പ്രണയം കേട്ടിരുന്നവരുടെ കൂട്ടത്തിൽ ചെ ഗവാരയുടെ നാട്ടുകാരനുമുണ്ട്. സാക്ഷാൽ മറഡോണ. ജ്യോതിബസുവിനെ കാണാൻ കൊൽക്കത്തയിലെത്തിയ മറഡോണയെ ബേബി ഈ വാച്ച് കാണിച്ചു. ‘ഓ, ചെ ഗവാര’ എന്ന ആവേശമായിരുന്നു മറഡോണയുടെ മറുപടി. പാർട്ടിയിലെ മാറ്റത്തിന്റെ കാലത്തും മാറ്റമില്ലാതെ ബേബിയുടെ കയ്യിൽ ആ ക്യൂബൻ വാച്ചുണ്ട്; സമയാതീതമായ ആവേശമാണതിൽ.