കള്ളിനെ തള്ളാൻ സ്റ്റാർ ഹോട്ടലുകൾ; ഡ്രൈഡേയിലെ ഇളവ് പ്രതീക്ഷിച്ച ഗുണം ചെയ്യില്ലെന്നു ടൂറിസം മേഖല

Mail This Article
തിരുവനന്തപുരം ∙ സ്റ്റാർ ഹോട്ടലുകളിൽ കള്ളു വിൽക്കാനുള്ള മദ്യനയത്തിലെ നിർദേശത്തോടു മുഖംതിരിച്ച് ഹോട്ടലുടമകൾ. പുറമേനിന്നു കള്ളെത്തിച്ചു വിൽക്കുന്നതു ‘റിസ്ക്’ ആണെന്ന നിലപാടിലാണ് ഹോട്ടലുടമകളിൽ മിക്കവരും. ടൂറിസം മേഖലയ്ക്കു ഗുണകരമാകുമെന്ന പേരു പറഞ്ഞാണ് ഒന്നാം തീയതികളിലെ ഡ്രൈഡേയിൽ ഇളവു നൽകിയതെങ്കിലും പ്രതീക്ഷിച്ച ഗുണം ലഭിക്കില്ലെന്നാണു മേഖലയുടെ പ്രതികരണം. ഒറ്റ ദിവസത്തേക്ക് അരലക്ഷം രൂപ ഫീസ് നൽകേണ്ടിവരുന്നതിലാണ് എതിർപ്പ്. സമ്മേളനമോ കല്യാണപ്പാർട്ടിയോ നടത്താൻ ഹോട്ടലിലെത്തുന്നവരുടെ ബില്ലിൽ ലൈസൻസ് ഫീസ് ചേർത്താൽ ആവശ്യക്കാരുണ്ടാവില്ല.
കള്ളിനെ സ്റ്റാർ ഹോട്ടലിലും ക്ലാസിഫൈഡ് റസ്റ്ററന്റുകളിലുമെത്തിക്കുകയെന്നതാണ് ഇത്തവണത്തെ മദ്യനയത്തിലെ പ്രധാന നിർദേശങ്ങളിലൊന്ന്. എന്നാൽ, കള്ള് സ്റ്റാർ ഹോട്ടലുകളിൽ എത്തിച്ചു വിൽക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണു വാദം.പുറമേനിന്നുള്ള ഭക്ഷണ, പാനീയം വിളമ്പുന്ന രീതി സ്റ്റാർ ഹോട്ടലുകളിലില്ല. ഷാപ്പിൽനിന്നെത്തിക്കുന്ന കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാനും സംവിധാനമില്ല. ഇങ്ങനെയൊരാവശ്യം ഹോട്ടലുകാർ ഉന്നയിച്ചിട്ടില്ല. ടോഡി ബോർഡിന്റേതായിരുന്നു ആവശ്യം.ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കും വിനോദസഞ്ചാരമേഖലയിലെ റിസോർട്ടുകൾക്കും വളപ്പിലുള്ള തെങ്ങ് ചെത്തി കള്ളു വിളമ്പാമെന്നു കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്നെങ്കിലും ആരും ഇതിനു ശ്രമിച്ചില്ല.
പതിറ്റാണ്ടുകളായി നിലവിലിരുന്ന ഡ്രൈഡേ നിയന്ത്രണത്തിൽ നിബന്ധനയോടെയെങ്കിലും ഇളവുവരുത്തിയതിനെ കേരള ട്രാവൽ മാർട്ട് അടക്കം ടൂറിസം, ട്രാവൽ മേഖലയിലുള്ളവർ സ്വാഗതം ചെയ്യുന്നുണ്ട്.എന്നാൽ, ഫീസ് ഏർപ്പെടുത്തിയതിനോട് യോജിപ്പില്ല. 365 ദിവസത്തേക്കുള്ള ഫീസ് അടച്ചാണു വാർഷിക ലൈസൻസ് പുതുക്കുന്നത്. വീണ്ടും ഒരു ദിവസത്തിനു മാത്രമായി അരലക്ഷം രൂപ വാങ്ങുന്നതിലാണ് എതിർപ്പ്.അതേസമയം, ബാർ ഇല്ലാത്ത ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കു ഡ്രൈഡേയിൽ പ്രത്യേക ലൈസൻസ് മൈസ് ടൂറിസത്തിന്റെ ഭാഗമായി ലഭിക്കുമെന്നതു നേട്ടമാണ്.ബാറുകളുടെ രാത്രിയിലെ പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഹോട്ടൽ മേഖലയിൽനിന്നുണ്ടായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പുൾപ്പെടെ വരാനിരിക്കെ വിവാദം ഭയന്നു സർക്കാർ ഇക്കാര്യം പരിഗണിച്ചില്ല.