'സിപിഎം നേതാക്കളുടെ പങ്കും ക്രൈം ബ്രാഞ്ച് അന്വേഷിക്കണം': കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഹൈക്കോടതി

Mail This Article
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഇ.ഡി കേസിൽ പരാമർശിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്താൻ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. രാഷ്ട്രീയക്കാരെ ആരെയും സംരക്ഷിക്കരുതെന്നും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും സമ്മർദം ചെലുത്തി വിളിച്ചാൽ ഉടൻ ഫോൺ റെക്കോർഡ് ചെയ്യണമെന്നും കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് നിർദേശിച്ചു. രാഷ്്ട്രീയ, ഉദ്യോഗസ്ഥ സമ്മർദത്തിനു വിധേയമാകാതെ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.
സിപിഎം നേതാക്കൾക്കെതിരെ ഉൾപ്പെടെ അന്വേഷണം നടത്താനാണു കോടതിയുടെ നിർദേശം. നിലവിൽ കൃത്യമായ അന്വേഷണമല്ല നടക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. കേസിൽ ഉൾപ്പെട്ടവർ സിപിഎം നേതാക്കളാണ്. ഇവരെക്കുറിച്ചൊക്കെ അന്വേഷിക്കാൻ കഴിയുമോ എന്ന് കോടതിയിൽ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആരാഞ്ഞു. ഇ.ഡിയുടെ കേസ് രേഖയും (ഇസിഐആർ) സത്യവാങ്മൂലത്തിന്റെ പകർപ്പും അന്വേഷണ ഉദ്യോഗസ്ഥനു നൽകാനും കോടതി നിർദേശം നൽകി.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ എം.വി.സുരേഷ് നൽകിയ ഹർജിയിലാണു ഇടക്കാല ഉത്തരവ്.
ഹർജിക്കാരന്റെ പങ്കും അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.നിലവിൽ ഒരു കേസിൽ കുറ്റപത്രം നൽകിയെന്ന് സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി അറിയിച്ചു. 19 കേസുകളിൽ മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകും. എന്നാൽ അന്വേഷണം ആരംഭിച്ചിട്ട് നാല് വർഷമായി എന്നു കോടതി ചൂണ്ടിക്കാട്ടി. അടുത്ത കുറ്റപത്രം എന്നാണ് നൽകുന്നതെന്ന് കോടതി ആരാഞ്ഞു. രേഖകളെല്ലാം ലഭിച്ചില്ലേയെന്നു കോടതി ചോദിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സിലും മാനേജിങ് കമ്മിറ്റിയിലും ചില ഉദ്യോഗസ്ഥരിലും മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമം നടക്കുകയാണെന്നു കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.