ഐഎഎസ് ഉദ്യോഗസ്ഥരെ ഉന്നമിട്ട് പരിഹാസക്കുറിപ്പുമായി പ്രശാന്ത്

Mail This Article
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ, ഏതാനും ഐഎഎസ് ഉദ്യോഗസ്ഥരെ ഉന്നമിട്ട് സമൂഹമാധ്യമത്തിൽ എൻ.പ്രശാന്തിന്റെ പരിഹാസക്കുറിപ്പ്. സമീപകാലത്ത് ഏതാനും ഉദ്യോഗസ്ഥർ നേരിട്ട ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിക്കുന്ന കുറിപ്പാണു സസ്പെൻഷനിൽ കഴിയുന്ന പ്രശാന്ത് പങ്കുവച്ചത്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘പിച്ചി, മാന്തി, നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ.അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വിഡിയോ നമുക്ക് കാണാം.
ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നുമില്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്കു ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്കു മാത്രമാണീ ക്ലാസ് ബാധകം.ക്ലാസിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കേണ്ട’. കുറിപ്പിൽ പറയുന്നു.അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ പേരെടുത്ത് വിമർശിച്ചു പിന്നാലെ മറ്റൊരു കുറിപ്പും അദ്ദേഹം ഫെയ്സ്ബുക്കിലിട്ടു.
16നു വൈകിട്ടാണു ചീഫ് സെക്രട്ടറിയുമായി പ്രശാന്തിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തനിക്കു പറയാനുള്ളത് കേൾക്കണമെന്ന പ്രശാന്തിന്റെ ആവശ്യം അംഗീകരിച്ചാണിത്.എന്നാൽ, കൂടിക്കാഴ്ച റിക്കോർഡ് ചെയ്യുകയും തൽസമയം സംപ്രേഷണം ചെയ്യുകയും വേണമെന്ന പ്രശാന്തിന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളിയിരുന്നു. ഹിയറിങ് അച്ചടക്കനടപടിയുടെ ഭാഗമല്ലെന്നും കാര്യങ്ങൾ നേരിൽ കേട്ടു വിലയിരുത്താനാണിതെന്നും പ്രശാന്തിനെ ചീഫ് സെക്രട്ടറി അറിയിച്ചു. ഇതിനിടെ, തൽസമയ സംപ്രേഷണം ആവശ്യപ്പെട്ടതു വിചിത്രമാണെന്ന നിലയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയതിനെയും പ്രശാന്ത് വിമർശിച്ചു.