പുതിയ നിയോഗവുമായി ബേബി ഡൽഹിയിൽ; ഇന്ത്യാസഖ്യം വിപുലമായ സമരവേദിയാക്കണമെന്ന് ബേബി

Mail This Article
ന്യൂഡൽഹി ∙ അടിയന്തരാവസ്ഥക്കാലത്തു കള്ളപ്പേരിൽ എം.എ. ബേബി ആദ്യമായി ഡൽഹിയിലേക്കു ട്രെയിൻ കയറി വന്നതു പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ വിളിച്ച രഹസ്യയോഗത്തിൽ പങ്കെടുക്കാനായിരുന്നു. ആ കഠിനകാലം പിന്നിട്ട പാർട്ടിക്ക് ഇപ്പോൾ പുതിയ പ്രതിസന്ധികളാണ്. മധുര കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായ ശേഷം കേന്ദ്ര കമ്മിറ്റി ഓഫിസിൽ ഇന്നലെ തിരിച്ചെത്തിയ ബേബിക്കു പുതിയ നിയോഗവും.
കേരളത്തിൽ നിന്നു കൊണ്ടുവന്ന ഏതാനും പഴയ പുസ്തകങ്ങൾ നിറച്ച തുണി സഞ്ചിയാണു തോളിൽ. എകെജി ഭവനിലെ സഖാക്കൾ ബേബിയെ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. ചുമരിൽ ഇഎംഎസിന്റെയും എകെജിയുടെയും ഛായാചിത്രങ്ങൾ. മറ്റു പാർട്ടികളെ പോലെ ചുമതലയേൽക്കലിനു പ്രത്യേക ചടങ്ങുകളൊന്നുമില്ലെന്ന് അദ്ദേഹം നയം വ്യക്തമാക്കി. പിബി അംഗമെന്ന നിലയിൽ തനിക്ക് നേരത്തേയുള്ള മുറിയിലേക്കു പോയി. അവിടം പകുതിയും അപഹരിച്ചിരിക്കുന്നതു പുസ്തകങ്ങൾ. ചുമരിൽ കാൾ മാർക്സിന്റെയും ചെ ഗവാരയുടെയും രാഷ്ട്രീയ തെരുവുനാടകങ്ങളിലൂടെ ശ്രദ്ധേയനായിരിക്കെ കൊല്ലപ്പെട്ട സഫ്ദർ ഹാഷ്മിയുടെയും ചിത്രങ്ങൾ.
ഡൽഹിയിലുള്ള ഏതാനും പിബി അംഗങ്ങൾ ഉച്ചയ്ക്കു വരുന്നുണ്ട്. പതിവുപോലെ എകെജി ഭവനിലെ കന്റീനിൽ ഉച്ചയൂണ്. ജനറൽ സെക്രട്ടറിക്ക് അനുവദിക്കുന്ന മുറിയിലേക്ക് മാറുന്നതുൾപ്പെടെ കാര്യങ്ങളിൽ പാർട്ടിയുടെ കൂട്ടായ തീരുമാനം വേണം. പങ്കെടുക്കേണ്ട പരിപാടികളിലും സന്ദർശനങ്ങളിലും ഉൾപ്പെടെ എല്ലാക്കാര്യങ്ങളിലും അതാണു പാർട്ടി ലൈൻ എന്നു ബേബി ആവർത്തിച്ചു.
∙ അടുത്ത പരിപാടികൾ എന്താണ്?
പാർട്ടി കോൺഗ്രസിലെ രേഖകൾ അന്തിമമാക്കാൻ സഖാക്കളുമായി കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കണം. തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ആലോചനയ്ക്കായി ഈ മാസം അവസാനം പൊളിറ്റ് ബ്യൂറോ ചേരും.
∙ ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിലെ ആലോചനയെന്താണ്?
വന്നതേയുള്ളൂ. എല്ലാവരുമായി ആലോചിച്ചുമാത്രമേ തീരുമാനമെടുക്കൂ.
∙ കേരളത്തിൽ നടത്തിയതു പോലെ ഡൽഹിയിൽ സന്ദർശനങ്ങളുണ്ടോ?
മറ്റു ചില പാർട്ടികളിലെ നേതാക്കൾ കൂടിക്കാഴ്ചയുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മറ്റു സഖാക്കളുമായി ആലോചിച്ച് അവരുമായി ബന്ധപ്പെടും.