കൂടുതൽ പദ്ധതികളിൽ അനെർട്ട് ഉന്നതരുടെ വഴിവിട്ട നീക്കം; അനെർട്ട് ചെയർമാനായ മന്ത്രിക്കെതിരായ ആരോപണത്തിൽ അന്വേഷണം വൈസ് ചെയർമാന്

Mail This Article
പാലക്കാട് ∙ അട്ടപ്പാടി ആദിവാസി മേഖലയിൽ സൗരോർജ, കാറ്റാടി പദ്ധതിയുമായി ബന്ധപ്പെട്ടു വിവാദത്തിലായ തെലങ്കാനയിലെ വിൻഡ് സ്ട്രീം എനർജി ടെക്നോളജിക്കു സംസ്ഥാനത്തെ വിവിധ പദ്ധതികൾ നൽകാൻ അനെർട്ടിലെ ഉന്നതർ വഴിവിട്ട നീക്കങ്ങൾ നടത്തിയതായി വിവരം. കരാറുകൾ കമ്പനിക്കു തന്നെ ലഭിക്കുന്ന രീതിയിൽ നടപടിക്രമങ്ങളിൽ അട്ടിമറി നടത്തിയെന്നും അറിയുന്നു.
ക്രമവിരുദ്ധ ഇടപാടുകൾ സാധൂകരിക്കാൻ ഊർജ വകുപ്പിലെയും അനെർട്ടിലെയും ഉന്നതരുടെ പിന്തുണ ലഭിച്ചു. അനെർട്ടിലെ ഉന്നതനു കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും പലതവണ സ്ഥാപനത്തിന്റെ ആസ്ഥാനത്തു കമ്പനി പ്രതിനിധികൾ എത്തിയിരുന്നുവെന്നും വിവരമുണ്ട്.
വിവാദ കമ്പനിക്കു വേണ്ടി വിവിധ പദ്ധതികൾ അനെർട്ട് തട്ടിക്കൂട്ടുന്നതാണെന്ന് ആക്ഷേപമുയർന്നിരുന്നു. ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളിൽ സോളർ– വിൻഡ് ഹൈബ്രിഡ് പവർ സംവിധാനം ഏർപ്പെടുത്താനും നീക്കമുണ്ടായി. 2022–2023 വർഷത്തെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒരുവിഭാഗം മത്സ്യത്തൊഴിലാളികൾ എതിർത്തു. പൊന്മുടിയിൽ അനെർട്ടിന്റെ ഫണ്ട് ഉപയോഗിച്ചു കമ്പനി നടപ്പാക്കിയ പദ്ധതി പാളിപ്പോയിരുന്നു.
അട്ടപ്പാടിയിലെ രണ്ടു പദ്ധതികളിലെയും ടെൻഡറിലെ ക്രമവിരുദ്ധ നടപടികൾ സിഎജി ഓഡിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കരാർ ലഭിച്ച കമ്പനി മാത്രമാണു പങ്കെടുത്തതെങ്കിലും 1.43 കോടി രൂപയുടെ ആദ്യ ടെൻഡർ അവർക്കു തന്നെ നൽകി. 3.48 കോടി രൂപയുടെ രണ്ടാമത്തെ ടെൻഡർ രണ്ടു തവണ സാങ്കേതിക കാരണങ്ങൾ പറഞ്ഞു മാറ്റിവച്ചതു വിവാദ കമ്പനിക്കു തന്നെ ലഭിക്കുന്നതിനാണെന്ന് ആക്ഷേപമുണ്ട്. ഫിനാൻഷ്യൽ ബിഡ്, സാങ്കേതിക ബിഡ് എന്നിവയുടെ അനുപാതത്തിൽ മാറ്റം വരുത്തിയതിന്റെ കാരണം രേഖപ്പെടുത്താത്തത് ഓഡിറ്റ് റിപ്പോർട്ടിൽ വിമർശിക്കുന്നു. ബിഐഎസ് സർട്ടിഫിക്കറ്റ്, ടെസ്റ്റ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളിലും വെള്ളം ചേർത്തു.
അതിനിടെ, അനെർട്ട് ചെയർമാനായ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഉടൻ അഡീഷനൽ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിനു നിയോഗിച്ച നടപടിയിൽ കോൺഗ്രസ് ദുരൂഹത ആരോപിക്കുന്നു. മന്ത്രി ചെയർമാനായ ഭരണസമിതിയുടെ വൈസ് ചെയർമാനായ ഉദ്യോഗസ്ഥനെത്തന്നെ അന്വേഷണത്തിനു വയ്ക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന്, ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് സുമേഷ് അച്യുതൻ പറയുന്നു. വിജിലൻസ് അന്വേഷണമാണു കോൺഗ്രസ് ആവശ്യപ്പെടുന്നത്.