തീയെടുത്ത ജീവിതങ്ങൾക്ക് നാടിന്റെ വിട

Mail This Article
എരുമേലി ∙ വീടിനുള്ളിൽ ആളിപ്പടർന്ന തീയിലൂടെ മരണത്തിലേക്കു പോയ മാതാപിതാക്കളും മകളും കുടുംബവീട്ടിൽ അവസാനമായി എത്തി. മകളുടെ പ്രണയം സംബന്ധിച്ച തർക്കത്തിനിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശ്രീജയും (സീതമ്മ –48) ശ്രീജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവ് സത്യപാലനും (63) മകൾ അഞ്ജലിയുമാണ് (29) മരിച്ചത്. മകൻ അഖിലേഷിന് 25) പൊള്ളലേറ്റിരുന്നു. ശ്രീനിപുരം കോളനിക്ക് സമീപം റാന്നി റോഡരികിലെ വീടിനും തീപിടിച്ചിരുന്നു.ഈ വീട്ടിൽ നിന്ന് അൽപം അകലെയുള്ള കുടുംബ വീട്ടിലേക്കാണ് ഇന്നലെ മൂന്നു പേരുടെയും മൃതദേഹങ്ങൾ എത്തിച്ചത്.
ഇരുകാലുകളിലും പൊള്ളലേറ്റ അഖിലേഷിനെ മാതാപിതാക്കൾക്കും സഹോദരിക്കും അന്ത്യാഞ്ജലിയർപ്പിക്കാനായി ഇവിടെ കൊണ്ടുവന്നിരുന്നു. നടക്കാൻ കഴിയാത്തതിനാൽ കസേരയിൽ ഇരുത്തി എടുത്തുകൊണ്ടാണ് അഖിലേഷിനെ കൊണ്ടുവന്നത്. ഇതുമൂലം അടുത്ത ബന്ധുക്കളാണ് അന്ത്യകർമങ്ങൾ ചെയ്തത്. ഗൾഫിൽ ജോലി ചെയ്തിരുന്ന അഞ്ജലി നാലു ദിവസം മുൻപാണ് അവധിക്ക് എത്തിയത്. അഞ്ജലിയുമായി പ്രണയത്തിലായിരുന്ന അയൽവാസിയായ യുവാവ് ഇവരുടെ വീട്ടിൽ എത്തുകയും വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാതാപിതാക്കൾ ഇതിനെ എതിർത്തു. യുവാവ് മടങ്ങിയ ശേഷം വീട്ടിലുള്ളവർ തമ്മിലുണ്ടായ വഴക്കിനിടെ ശ്രീജ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു.
അഞ്ജലി മരിക്കുന്നതിനു മുൻപ് പൊലീസിനോടു പറഞ്ഞ കാര്യങ്ങളും അഖിലേഷിന്റെ മൊഴിയും ചേർത്താണ് പൊലീസ് ശ്രീജ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ എത്തിയത്. സംഭവത്തിന് മറ്റാരും ദൃക്സാക്ഷികളില്ല. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ഫൊറൻസിക് സംഘം എത്തി. സത്യപാലൻ ലൈറ്റ് ആൻഡ് സൗണ്ട്സ് നടത്തുന്നതിനാൽ വീട്ടിൽ പെട്രോൾ സൂക്ഷിക്കുക പതിവായിരുന്നു. തീ പടരാൻ ഉപയോഗിച്ചത് പെട്രോൾ തന്നെയാണെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാ പ്രേരണയ്ക്കു ആസ്പദമായ സംഭവങ്ങൾ അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.