ലോകത്തിനു കാട്ടിക്കൊടുക്കാം, കേരളത്തിന്റെ സ്വർണപ്പൂക്കളുടെ വസന്തഭംഗി

Mail This Article
വിഷുക്കാലത്ത് സ്വർണപ്പൂക്കൾ നിറഞ്ഞുകിടക്കുന്ന കൊന്നമരങ്ങൾ കണ്ടപ്പോൾ എന്റെ ഓർമയിലെത്തിയത് ജപ്പാനാണ്; ഇളംപിങ്ക് പൂക്കൾ പുതച്ചു നിൽക്കുന്ന ചെറിമരങ്ങളും. 2018 ഏപ്രിലിലാണ് ഞാൻ ജപ്പാനിൽ പോയതും സാകുറ ഫെസ്റ്റിവൽ കണ്ടതും. ചെറിമരങ്ങൾ പൂവിടുന്ന സീസണിൽ അവർ എത്ര മനോഹരമായാണ് അതിനെ സംരക്ഷിച്ച് ഒരു വിനോദസഞ്ചാര ഉൽസവമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. നമ്മുടെ കേരളത്തിൽ ഇതേ സീസണിൽത്തന്നെയാണല്ലോ കൊന്ന പൂക്കുന്നതും. കൊന്നപ്പൂക്കളെ എന്തുകൊണ്ടു നമുക്കും അങ്ങനെ ഉപയോഗിച്ചു കൂടാ?
വളരെ കുറച്ചു ദിവസത്തെ ആയുസ്സു മാത്രമേ ചെറിപ്പൂക്കൾക്ക് ഉള്ളൂ. കൊന്നപ്പൂക്കൾക്ക് താരതമ്യേന കൂടുതൽ നീണ്ട പൂക്കാലമുണ്ട്. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും കൊന്നമരങ്ങൾ ധാരാളമായി വച്ചു പിടിപ്പിച്ചാൽ മൂന്നോ നാലോ വർഷം കൊണ്ട് അവ പൂവിടും. കശ്മീരിൽ ഏപ്രിലിൽ ടുലിപ് പുഷ്പങ്ങൾ കാണാനായി മാത്രം എത്രയോ ടൂറിസ്റ്റുകളാണ് എത്തുന്നത്. അതുപോലെ കേരളത്തിൽ ജനുവരി മുതൽ നാലു മാസത്തേക്ക് ഒരു ഗോൾഡൻ ഷവർ ഫസ്റ്റിവൽ അഥവാ കണിക്കൊന്നയുൽസവം നടത്താൻ കഴിയുമല്ലോ.
അടുത്ത കാലത്തായി വിപണിയിൽ പ്രത്യക്ഷപ്പെട്ട പ്ലാസ്റ്റിക് കൊന്നപ്പൂക്കളെ ഒഴിവാക്കാനും കഴിയും. ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിനു മുൻപു തന്നെ കൊന്ന വിത്തുകൾ പാകി തൈകളാക്കി വച്ചു പിടിപ്പിച്ചാൽ മൂന്നോ നാലോ വർഷത്തിനു ശേഷം നമുക്കും വർഷം തോറും പുഷ്പോത്സവം നടത്തുവാൻ കഴിയും. വാണിജ്യാടിസ്ഥാനത്തിൽ കൊന്നപ്പൂക്കളും വിഷുവും കൂട്ടിയിണക്കി വിഷുവിഭവങ്ങളും കരകൗശല വസ്തുക്കളും കേരളീയ കലകളും ചേർത്ത് നമുക്ക് കൊന്ന ഫെസ്റ്റിവൽ ഗംഭീരമാക്കാമല്ലോ.
ക്ഷേത്രോത്സവങ്ങളുടെ കാലം കൂടിയാണല്ലോ ഇത്. ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന കേരളത്തിന്റെ തനതു കലാരൂപങ്ങളായ കഥകളി, തെയ്യം, കൂത്ത്, പഞ്ചവാദ്യം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങിയവയും ഈ ആഘോഷത്തിൽ ഉൾപ്പെടുത്താം. ഓണത്തിനു പൂക്കളം എന്നതു പോലെ, വിഷുവിന്റെ വിഷുക്കണി വിശദമായി പ്രദർശിപ്പിച്ച് ഈ ഉത്സവത്തിന് മാറ്റുകൂട്ടുകയുമാകാം. അങ്ങനെ നമ്മുടെ സംസ്ഥാനത്തിന്റെ ദേശീയ പുഷ്പമായ കൊന്നപ്പൂവ് നമ്മുടെ ദേശത്തിനും ഒരു മുതൽക്കൂട്ടാവട്ടെ.
