ADVERTISEMENT

കൊൽക്കത്ത ∙ ഭൂമിയുടെ ഉപരിതലത്തിനു സമീപം ഉൽപാദിപ്പിക്കപ്പെടുന്ന ഓസോൺ (ഉപരിതല ഓസോൺ) ഇന്ത്യയിലെ ഭക്ഷ്യവിളകളെ പ്രതികൂലമായി ബാധിക്കുന്നതായി ഐഐടി ഖരഗ്പുർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി.

മലയാളി പ്രഫസർ ജയനാരായണൻ കുറ്റിപ്പുറത്തിന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിൽ മലയാളിയായ കെ.എസ്.അനഘയാണു പ്രധാന ഗവേഷക.

നൈട്രജൻ ഓക്‌സൈഡ്, മറ്റു ജൈവ രാസസംയുക്തങ്ങൾ എന്നിവയിൽ സൂര്യപ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് ഉപരിതല ഓസോൺ ഉണ്ടാകാനുള്ള കാരണം. സസ്യങ്ങളുടെ കലകളെയും കോശങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഇതു വിളനാശത്തിനും കുറഞ്ഞ കാർഷിക ഉൽപാദനത്തിനും വഴിവയ്ക്കും. ഗോതമ്പ് കൃഷിയിൽ 20%, അരി, ചോളം എന്നിവയിൽ 7% എന്നിങ്ങനെയാണ് ഉൽപാദനം കുറയുക.

ഗംഗാസമതലം, മധ്യ ഇന്ത്യ എന്നിവിടങ്ങളിലാണ് ഈ മലിനീകരണം ഏറ്റവും കൂടുതൽ. അംഗീകൃത പരിധിയുടെ 6 മടങ്ങാണ് ഇവിടത്തെ ഓസോണിന്റെ അളവ്. നഗരമേഖലയിൽ മാത്രമല്ല, കാർഷിക മേഖലകളിലും മലിനീകരണം കുറയ്ക്കാൻ നടപടി വേണമെന്ന് ‘എൻവയൺമെന്റൽ റിസർച്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

തൃശൂർ പുന്നയൂർക്കുളം സ്വദേശികളായ കെ.സുരേഷ്– സി.സി.ശൈലജ ദമ്പതികളുടെ മകളാണ് അനഘ. ഐഐടി ഖരഗ്പുർ സെന്റർ ഫോർ ഓഷ്യൻ, റിവർ, അറ്റ്മോസ്‌ഫിയർ ആൻഡ് ലാൻഡ് സയൻസസിലെ പ്രഫസറായ ജയനാരായണൻ കുറ്റിപ്പുറത്ത് ഓസോണിനെപ്പറ്റി ഒട്ടേറെ ശ്രദ്ധേയ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

English Summary:

Surface Ozone Pollution: A major threat to Indian agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com