കെഎഎസിന്റെ തിളക്കം മങ്ങുന്നോ?; അപേക്ഷകരുടെ എണ്ണത്തിൽ 1.75 ലക്ഷത്തിന്റെ കുറവ്

Mail This Article
തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്കു അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആദ്യമായി പരീക്ഷ നടത്തിയ കഴിഞ്ഞതവണ 3 സ്ട്രീമുകളിലായി 4 ലക്ഷം പേർ അപേക്ഷിച്ചെങ്കിൽ ഇക്കുറി രണ്ടേകാൽ ലക്ഷം അപേക്ഷകളാണു പിഎസ്‌സിക്കു ലഭിച്ചത്. ആദ്യബാച്ചിലെ പലരെയും അപ്രധാന തസ്തികകളിൽ നിയമിച്ചതു സംബന്ധിച്ച വിവാദമാണ് അപേക്ഷകർ കുറഞ്ഞതിന്റെ കാരണങ്ങളിലൊന്ന്. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സ് എന്ന പ്രായപരിധി 36 വയസ്സാക്കി വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഇതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായി. ഒഴിവുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കെഎഎസിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒന്നാം സ്ട്രീമിൽ 2.15 ലക്ഷം, രണ്ടാം സ്ട്രീമിൽ 10,724, മൂന്നാം സ്ട്രീമിൽ 995 അപേക്ഷകൾ വീതമാണു ലഭിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 31 ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചത്. ഡപ്യൂട്ടേഷൻ വഴിയും മറ്റും കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞതവണ 105 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
2 വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു നിയമനം നടത്തുമെന്നാണ് സ്പെഷൽ റൂൾസിലെ വ്യവസ്ഥയെങ്കിലും ആദ്യ വിജ്ഞാപനം വന്ന് 5 വർഷത്തിനു ശേഷമാണ് രണ്ടാം വിജ്ഞാപനം പുറപ്പെടുവിച്ചത്. കെഎഎസ് തുടരുന്നതിനോട് പല സർവീസ് സംഘടനകൾക്കും എതിർപ്പുമാണ്. 3 സ്ട്രീമുകളിലായാണു കെഎഎസ് നിയമനം. സ്ട്രീം 1 നേരിട്ടുള്ള നിയമനമാണ്. സ്ട്രീം 2 സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ പ്രബേഷൻ പൂർത്തിയാക്കിയവരിൽനിന്നുള്ള നിയമനം. സ്ട്രീം 3 ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവർക്കാണ്.