മെഡിക്കൽ കോളജുകൾ: മക്കളെ കണികാത്ത് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് 70 പേർ

Mail This Article
തിരുവനന്തപുരം∙ ‘മകൻ തിരിച്ചുവിളിച്ചിരുന്നോ ?’– വിളിക്കില്ലെന്നറിയാമെങ്കിലും ‘തിരക്കായിരിക്കും നാളെ ഒന്നുകൂടി നോക്കാം’ എന്നാണ് തിരുവനന്തപുരം മെഡിക്കൽ വാർഡിന്റെ ചുമതലയുള്ള സീനിയർ നഴ്സിങ് അസിസ്റ്റന്റ് ഷാനിഫാ ബീവി നൽകുന്ന പതിവു മറുപടി. ചികിത്സയ്ക്കെത്തിച്ച ശേഷം മക്കൾ ഉപേക്ഷിച്ചുപോയവർക്ക് അധികൃതർ നൽകുന്ന മറുപടി ഇങ്ങനെയാണ്.
സംസ്ഥാനത്താകെ മെഡിക്കൽ കോളജുകളിൽ ഇത്തരത്തിൽ ബന്ധുക്കൾ ഉപേക്ഷിച്ച 70 പേരുണ്ട്. ചികിത്സ കഴിഞ്ഞെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാതെയും മടങ്ങിപ്പോകാൻ സ്ഥലം ഇല്ലാതെയും വാർഡുകളിൽ കഴിയുന്നവരാണിവർ. അനാഥ മന്ദിരങ്ങൾക്കു കത്തെഴുതി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ.തിരുവനന്തപുരത്താണ് കൂടുതൽ പേരുള്ളത്. ഇവിടെ ഉപേക്ഷിക്കപ്പെട്ട 44 പേരിൽ 23 പേരെ പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റിയിരുന്നു. വിദേശി ഉൾപ്പെടെ 21 പേർ ഇപ്പോഴും വാർഡുകളിൽ കഴിയുന്നു.
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ടത് 6 പുരുഷന്മാർ. ആലപ്പുഴയിൽ കൂട്ടിരിപ്പുകാരില്ലാതെ രോഗികൾ 17 പേർ. കോട്ടയത്ത് തമിഴ്നാട് സ്വദേശി ഉൾപ്പെടെ 10 പേരുണ്ട്. കൊച്ചിയിൽ 16 പേരാണ് ഇത്തരത്തിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ കഴിഞ്ഞമാസം 6 പേരുണ്ടായിരുന്നു. ഇവർ പിന്നീടു നാട്ടിലേക്കു മടങ്ങി.
അന്ന് 250 പേർ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2022 ഡിസംബറിൽ ഉപേക്ഷിക്കപ്പെട്ട 42 പേരുടെ വാർത്ത മനോരമ പുറത്തുകൊണ്ടുവന്നതോടെ ആരോഗ്യവകുപ്പ് എല്ലാ സർക്കാർ ആശുപത്രികളിലും കണക്കെടുപ്പു നടത്തി 250 പേരെ കണ്ടെത്തിയിരുന്നു. മുൻപ് ആശുപത്രി സൂപ്രണ്ട് അഭ്യർഥിക്കുന്നതനുസരിച്ച് അനാഥ മന്ദിരങ്ങൾ ഏറ്റെടുക്കുകയായിരുന്നു പതിവ്. ഇപ്പോൾ സാമൂഹിക നീതി വകുപ്പിന്റെ അനുമതി കൂടി വേണം. സംസ്ഥാനത്ത് നിലവിൽ അഞ്ഞൂറിലധികം അനാഥ മന്ദിരങ്ങളിലായി 32,000 പേരെങ്കിലും അന്തേവാസികളായി ഉണ്ടെന്നാണ് കണക്ക്. തിരക്കു കൂടിയതിനാൽ പുതിയ ഏറ്റെടുക്കലുകലുകളും കുറവാണ്.
മരണ സർട്ടിഫിക്കറ്റ് വേണം, സ്വത്തും
മക്കളും ബന്ധുക്കളും കൊണ്ടുപോകില്ലെന്ന് ഉറപ്പാകുമ്പോൾ, മൃതദേഹമെങ്കിലും വീട്ടിൽ സംസ്കരിക്കണമെന്ന ആഗ്രഹം ചിലർ പങ്കുവയ്ക്കും. ഇക്കാര്യം ബന്ധുക്കളെ അറിയിക്കാറുണ്ടെങ്കിലും ചിലർ മാത്രമാണു മൃതദേഹം കൊണ്ടുപോകാൻ തയാറാകുന്നത്.മരിച്ചാൽ വിവരം അറിയിച്ചാൽപോലും എത്താത്തവർ പിന്നീട് മരണ സർട്ടിഫിക്കറ്റിനായി എത്തും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ നടതള്ളിയ 15 രോഗികളുടെ ബന്ധുക്കൾ, മരണശേഷമെത്തി സർട്ടിഫിക്കറ്റ് വാങ്ങിപ്പോയെന്ന് അധികൃതർ പറയുന്നു. സ്വത്തോ, ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുകയോ ബാക്കിയുണ്ടെങ്കിൽ ‘പരേതരെ’ തേടി ബന്ധുക്കൾ എത്തും.