ആശമാർക്ക് വിഷുക്കണി ഇന്ന് സമരപ്പന്തലിൽ

Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ സമരവേദിയിൽ ഇന്നു വിഷു ആഘോഷിക്കും. വിഷുദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശമാർ സമരവേദിയിൽ എത്തുമെന്നാണു പ്രതീക്ഷ. സമരപ്പന്തലിൽ വിഷുക്കണി ഒരുക്കും. തങ്ങളുടെ ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോകുന്നതിനു ന്യായമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണു കണി ഒരുക്കുന്നതെന്ന് ആശമാർ പറഞ്ഞു.
വ്യക്തികളും സംഘടനകളും ആശമാർക്കു വിഷുക്കൈനീട്ടം വിതരണം ചെയ്തു. സമരം ചെയ്യുന്നവർക്ക് വിഷുദിനത്തിൽ ആഹാരം എത്തിച്ചുനൽകുമെന്നു വിവിധ സംഘടനകൾ അറിയിച്ചു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ശക്തമാക്കാൻ തീരുമാനിച്ചു. രണ്ടു മാസം പിന്നിടുന്ന രാപകൽ സമരത്തിനു സമൂഹത്തിൽനിന്നു വലിയ പിന്തുണ ലഭിച്ചതായി ഇന്നലെ ചേർന്ന അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. നിരാഹാര സമരം ഈയാഴ്ച മുപ്പതാം ദിവസത്തിലേക്കു കടക്കും.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ കൂട്ടാക്കാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കണമെന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 64 ദിവസത്തെ സമരപ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദു, വൈസ് പ്രസിഡന്റുമാരായ എസ്.മിനി,കെ.പി.റോസമ്മ, ബിനി സുദർശൻ, ബീന മോഹൻ, രേണുക ജി.കണിച്ചുകുളങ്ങര, പി.ഷൈനി, വിജി മോഹൻ, സുജ ആന്റണി, കെ.എം.ബീവി, എ.സജീന, റോസ്‌ലി തുടങ്ങിയവർ പങ്കെടുത്തു.
ഓണറേറിയം പ്രഖ്യാപിച്ചവരെ 21ന് ആദരിക്കും
∙ ആശാ വർക്കർമാർക്ക് ഓണറേറിയം പ്രഖ്യാപിച്ച തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ 21ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ ആദരിക്കും. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഓണറേറിയം വർധിപ്പിക്കുന്നതിനു ചില തദ്ദേശസ്ഥാപനങ്ങൾ നീതിയുക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിനായി തദ്ദേശ അധ്യക്ഷന്മാരെ നേരിട്ടു ക്ഷണിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു എന്നിവർ പറഞ്ഞു.
വിമർശനവുമായി സച്ചിദാനന്ദൻ വീണ്ടും
തൃശൂർ ∙ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാരിനെതിരെ കഴിഞ്ഞ ദിവസം വിഡിയോ സന്ദേശം അയച്ച സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ വീണ്ടും വിമർശനവുമായി രംഗത്ത്.
‘ഒരു നടേശസ്തുതി എഴുതാൻ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവു കൊണ്ട് എങ്ങനെ ചൊല്ലും?’ എന്നായിരുന്നു ഉച്ചയ്ക്ക് അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതിയത്.
അക്കാദമി പ്രസിഡന്റ് എന്ന നിലയിൽ സച്ചിദാനന്ദൻ ഇങ്ങനെ പറയരുതായിരുന്നു എന്ന തരത്തിൽ ഇടതുപക്ഷത്തു നിന്ന് അഭിപ്രായം ഉയർന്നതോടെ അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കാൻ മരിച്ചുപോയവരുടെ ഒരു അക്കാദമി ഉണ്ടാക്കണം എന്ന് അദ്ദേഹം വൈകിട്ട് കുറിപ്പിട്ടു.
ഒ.വി. വിജയൻ ജീവിച്ചിരിക്കുമ്പോൾ എന്തൊരു ശല്യമായിരുന്നു, ഇപ്പോൾ നിശ്ശബ്ദം എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൽകിയ വിഡിയോയിൽ സർക്കാർ കോർപറേറ്റ് സിഇഒമാരുടെയും വലതു ഫാഷിസ്റ്റുകളുടെയും ഭാഷ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.