എല്ലാം മുഖ്യമന്ത്രിയുടെ മനസ്സുപോലെ; അഞ്ചുമിനിറ്റിൽ തീരുമാനമായി

Mail This Article
കണ്ണൂർ ∙ ജില്ലാ നേതൃത്വത്തിന്റെ പരിഗണനയിൽ മുതിർന്ന നേതാക്കളുൾപ്പെടെ പലരും ഉണ്ടായിരുന്നു; പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുക്കാൻ 5 മിനിറ്റു പോലും വേണ്ടിവന്നില്ല. സ്വന്തം തട്ടകത്തിൽ വിശ്വസ്തനെ പാർട്ടിയുടെ തലപ്പത്ത് നിയോഗിക്കാനെത്തിയ മുഖ്യമന്ത്രി യോഗത്തിൽ ആകെ ചെലവഴിച്ചത് അരമണിക്കൂറിൽ താഴെ മാത്രം. രാവിലെ 10ന് ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ അദ്ദേഹം പത്തരയോടെ ദൗത്യം നിർവഹിച്ചു മടങ്ങി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് കെ.കെ.രാഗേഷ് കാലെടുത്തു വയ്ക്കുന്നത് സിപിഎമ്മിലെ രാഷ്ട്രീയ വളർച്ചയുടെ ആണിക്കല്ലായ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിലേക്ക്. ഈ സ്ഥാനം ഉയർച്ചയുടെ ആദ്യപടിയെന്നാണ് രാഷ്ട്രീയ അനുഭവം. പിണറായി വിജയൻ, ചടയൻ ഗോവിന്ദൻ, എം.വി.രാഘവൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, ഏറ്റവുമൊടുവിൽ എം.വി.ജയരാജൻ; കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വളർന്നുവന്നവർ ഏറെ. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന ചുരുക്കം ആളുകൾക്കു മാത്രമേ വിപരീത അനുഭവം ഉണ്ടായിട്ടുള്ളൂ. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് തന്റെ വിശ്വസ്തനെ സംഘടനാ ചുമതല ഏൽപിച്ചത് വിശ്വസ്തനെന്ന നിലയിലാണ്. യൂനിസെഫിന്റേത് ഉൾപ്പെടെ മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. രാജ്യസഭാംഗമായിരിക്കെ വിവിധ കമ്പനികളുടെ സാമൂഹിക പ്രതിബന്ധതാ ഫണ്ട് ഏകോപിപ്പിച്ച് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തി. 50 കോടിയോളം രൂപയാണ് ഏകോപിപ്പിച്ചത്.