ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടിൽ കേരളത്തിലെ നീതിന്യായ സംവിധാനത്തിന് ഒന്നാം റാങ്ക്. അതേസമയം, സംസ്ഥാന പൊലീസ് വകുപ്പിന് 15–ാം റാങ്കാണ്. ജുഡീഷ്യറി, പൊലീസ്, ജയിൽ, ലീഗൽ എയ്ഡ് എന്നിവയിൽ സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി തയാറാക്കുന്ന റിപ്പോർട്ടിൽ ജയിൽ മേഖലയിലെ പ്രവർത്തനങ്ങളിൽ 3, ലീഗൽ എയ്ഡ് 4 എന്നിങ്ങനെയാണ് കേരളത്തിന്റെ റാങ്കുകൾ.

ഒരു കോടിയിലേറെ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളുടെ ആകെ പ്രവർത്തന മികവിൽ കേരളത്തിനു നാലാം റാങ്ക് ലഭിച്ചു. കഴിഞ്ഞ വർഷം 6–ാം റാങ്കായിരുന്നു.

പ്രവർത്തന മികവിൽ കർണാടകയ്ക്കാണ് ഒന്നാം റാങ്ക്. ആന്ധ്രപ്രദേശും തെലങ്കാനയും രണ്ടും മൂന്നും സ്ഥാനത്തെത്തി. ടാറ്റ ട്രസ്റ്റ്, കോമൺ കോസ് ഉൾപ്പെടെ മനുഷ്യാവകാശ, നിയമസഹായ സംഘടനകളുമായി ചേർന്നാണ് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് തയാറാക്കുന്നത്.

2022 മുതൽ 2025 വരെയുള്ള കാലയളവിൽ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ 21% ആയിരുന്നത് 4% ആയി കുറഞ്ഞു. ഹൈക്കോടതി ജീവനക്കാരുടെ ഒഴിവുകളിലും ജില്ലാ ജഡ്ജിമാരുടെ ഒഴിവുകളിലും ഇക്കാലയളവിൽ കൂടുതൽ നിയമനങ്ങൾ നടന്നു. ജില്ലാ ജഡ്ജിമാരിൽ പകുതിയും വനിതകളാണ്. എന്നാൽ, ഹൈക്കോടതിയിൽ വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം 9% മാത്രമാണ്. പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽനിന്നു സംസ്ഥാനത്തെ കോടതികളിലേക്കു കൂടുതൽ നിയമനങ്ങൾ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന പൊലീസ് സേനയിൽ ഓഫിസർ തസ്തികകളിൽ വനിതകൾക്കു വേണ്ടത്ര പ്രാതിനിധ്യമില്ല (3%). ഓഫിസർ തസ്തികകളിൽ 16%, കോൺസ്റ്റബിൾമാരിൽ 6% ഉദ്യോഗസ്ഥരുടെയും കുറവുണ്ട്. ഫൊറൻസിക് വിഭാഗത്തിൽ കേരളത്തിൽ കൂടുതൽ നിയമനങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയമസഹായത്തിന്റെ കാര്യത്തിൽ കേരളം വേണ്ടത്ര പണം ചെലവഴിക്കുന്നില്ല. 2022 ൽ സംസ്ഥാനത്ത് 101 ലീഗൽ സർവീസ് ക്ലിനിക്കുകൾ ഉണ്ടായിരുന്നത് 2024 ൽ 66 ആയി ചുരുങ്ങി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളിൽ ഒട്ടേറെ ഒഴിവുകളിൽ അടിയന്തര നിയമനം നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

പൊലീസ്: ഉയർന്ന റാങ്കിൽ വനിതകൾ കുറവ്

ന്യൂഡൽഹി ∙ പൊലീസ് നിയമനങ്ങളിൽ സ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വനിതാ സംവരണം പാലിക്കുന്നില്ലെന്ന് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്.‌ അതേസമയം, പൊലീസിലെ വനിത പ്രാതിനിധ്യം നേരിയ തോതിൽ (13%) വർധിച്ചുണ്ട്്. പക്ഷേ, ഉയർന്ന റാങ്കുകളിൽ വനിതാ ഉദ്യോഗസ്ഥർ കുറവാണ്.

പൊലീസിൽ ഉയർന്ന തസ്തികകളിലേക്കു പിന്നാക്ക വിഭാഗങ്ങളിൽനിന്നു നിയമനം നടക്കുന്നില്ല. എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഏറെയും കോൺസ്റ്റബിൾ തസ്തികയിലാണുള്ളത്. ‍ഈ വിഭാഗങ്ങളിൽ നിന്ന് ഡിവൈഎസ്പി റാങ്കിലുള്ളവരുടെ എണ്ണം 16% ആയി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

∙ ‘പൊലീസ് സ്റ്റേഷനുകൾ, ജില്ലാ കോടതികൾ, ലീഗൽ സർവീസ് അതോറിറ്റികൾ എന്നിവയുടെ പ്രവർത്തനത്തിൽ പിഴവുകളുണ്ടാകുന്നതു ജനവിശ്വാസം തകർക്കാനിടയാക്കും. ഈ മേഖലകളുടെ പ്രവർത്തനം അടിയന്തരമായി മെച്ചപ്പെടുത്തണമെന്നാണ് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.’ – ജസ്റ്റിസ് മദൻ ബി. ലോക്കൂർ 

English Summary:

India Justice Report: Kerala ranks fourth; Ahead in Justice System, Police Rank 15

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com