‘അതിരു കടക്കരുത്’: മറ്റ് വകുപ്പുകളോട് റവന്യുവിന്റെ മുന്നറിയിപ്പ്

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിലെ മറ്റു വകുപ്പുകൾ ‘അതിർത്തി കടന്നു’ ഭൂമി വിഷയങ്ങളിൽ ഇടപെടുകയും സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുകയും ചെയ്യുന്നത് റവന്യു ഉദ്യോഗസ്ഥർ അനുസരിക്കേണ്ടതില്ലെന്നു റവന്യു വകുപ്പ് നിർദേശിച്ചു. ചട്ടവിരുദ്ധമായി ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അതതു വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
റവന്യു വകുപ്പിന്റെ ചുമതലകളിലും അധികാരങ്ങളിലും മറ്റു വകുപ്പുകൾ കൈകടത്തരുതെന്നു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സർക്കുലർ ഇറക്കി. സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കൽ, പതിച്ചു നൽകൽ, ഭൂസംരക്ഷണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കർത്തവ്യങ്ങൾ റൂൾസ് ഓഫ് ബിസിനസ് പ്രകാരം റവന്യു വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നു സർക്കുലറിൽ വ്യക്തമാക്കി.
ഒട്ടേറെ സർക്കാർ ഭൂമി കൈവശമുള്ള ജലവിഭവം ഉൾപ്പെടെ വകുപ്പുകൾ ഭൂമിയുടെ ഉപയോഗം സർക്കാർ ഇതര ഏജൻസികൾക്കും മറ്റും അനുവദിച്ച് ഉത്തരവിറക്കിയതു മുൻപു വിവാദമായപ്പോൾ ക്രമീകരിക്കാൻ റവന്യു വകുപ്പ് ഇടപെടേണ്ടിവന്നതാണു സർക്കുലറിനു പ്രേരണയായത്.