കേരളത്തിലെ അധ്യാപകരിൽ 61.33 % വനിതകൾ, നഴ്സുമാരുടെ എണ്ണത്തിലും കേരളം മുന്നിൽ: ദേശീയ സാംപിൾ സർവേ റിപ്പോർട്ട്

Mail This Article
തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ കേരളം മുന്നിൽ. കേന്ദ്ര സർക്കാരിന്റെ ദേശീയ സാംപിൾ സർവേയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരിൽ 61.33% സ്ത്രീകളാണ്. ആകെയുള്ള 55,670 അധ്യാപകരിൽ 34,142 പേരും സ്ത്രീകളാണ്.
ലക്ചറർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ പുരുഷന്മാരുടെ ഇരട്ടിയോളം സ്ത്രീകൾ ജോലി ചെയ്യുന്നു. 2018–22 വരെ വനിതാധ്യാപകരുടെ എണ്ണം നാലായിരത്തിലധികം വർധിച്ചപ്പോൾ 876 പുരുഷ അധ്യാപകർ മാത്രമാണു കൂടിയത്.
ദേശീയ ശരാശരിയിൽ 41.59% മാത്രമാണു വനിതാ പ്രാതിനിധ്യം. കേരളത്തിനു പുറമേ, 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യമുള്ളത് ഡൽഹി (53.26), ഗോവ (55.36), ഹരിയാന (51.8), ലക്ഷദ്വീപ് (50), മേഘാലയ (56.32), നാഗാലാൻഡ് (56.96), പഞ്ചാബ് (56.86) എന്നിവിടങ്ങളിൽ മാത്രം.
ബാങ്കിൽ സ്ത്രീകൾ കുറവ്
കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ എണ്ണത്തിൽ സ്ത്രീകളുടെ ഇരട്ടിയിലധികം പുരുഷന്മാരാണ്. വനിതാ ജീവനക്കാർ 32,278 ഉള്ളപ്പോൾ പുരുഷ ജീവനക്കാരുടെ എണ്ണം 73,247 ആണ്.
ഹയർസെക്കൻഡറി യോഗ്യത: കേരളം മൂന്നാമത്
25 വയസ്സിനു മുകളിലുള്ള, ഹയർ സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ മൂന്നാം സ്ഥാനത്താണു കേരളം. കേരളത്തിലെ 76.1% പേർക്ക് ഹയർ സെക്കൻഡറി യോഗ്യതയുണ്ട്, 77.7% പുരുഷന്മാരും 74.9% സ്ത്രീകളും. ഗോവ (78.9), ചണ്ഡിഗഡ് (79.9) എന്നിവയാണ് ഇക്കാര്യത്തിൽ കേരളത്തിനു മുന്നിലുള്ളത്.
റജിസ്റ്റേഡ് നഴ്സുമാരുടെയും മിഡ്‌വൈവ്സിന്റെയും എണ്ണത്തിൽ കേരളം (3.29 ലക്ഷം) രണ്ടാം സ്ഥാനത്ത്. 3.48 ലക്ഷം നഴ്സുമാരുള്ള തമിഴ്നാട് ആണ് ഒന്നാമത്.
വേതനം: സ്ത്രീ–പുരുഷ വ്യത്യാസം വലുത്
2024 ഏപ്രിൽ – ജൂൺ കാലയളവിൽ സംസ്ഥാനത്തു ഗ്രാമങ്ങളിൽ പുരുഷന്മാർക്ക് 884 രൂപയും സ്ത്രീകൾക്ക് 454 രൂപയുമായിരുന്നു ശരാശരി പ്രതിദിന വേതനം. നഗരങ്ങളിൽ ഇത് 932, 505 രൂപ വീതവും. ദേശീയ ശരാശരി ഗ്രാമങ്ങളിൽ പുരുഷന്മാർക്ക് 444, സ്ത്രീകൾക്ക് 299 രൂപ വീതവും നഗരങ്ങളിൽ 537, 364 രൂപ വീതവുമാണ്.