മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കണ്ണൂർ പാർട്ടിയുടെ അമരത്തേക്ക്; പുതിയ പ്രൈവറ്റ് സെക്രട്ടറി ആരെന്ന തീരുമാനം ഉടൻ

Mail This Article
തിരുവനന്തപുരം ∙ എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തുമെന്നും പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയാകുമെന്നുമുള്ള ധാരണ പാർട്ടി സമ്മേളനസമയത്തു തന്നെ നേതൃതലത്തിൽ രൂപപ്പെട്ടിരുന്നു. ജില്ലയിലെ സീനിയർ നേതാവ് എം.പ്രകാശനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ഫോർമുലയും ആ സമയത്തു തന്നെ രൂപപ്പെട്ടതാണ്. പൂർണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ നോമിനി എന്ന നിലയിലാണു രാഗേഷ് പാർട്ടിയുടെ ശക്തമായ ഘടകത്തിന്റെ അമരത്തു നിയോഗിക്കപ്പെട്ടത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ സർക്കാരിന്റെ കാലാവധി തീരാൻ രണ്ടുവർഷം ബാക്കി നിൽക്കെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. അതേ വഴി പിന്തുടർന്നാണ് ഒന്നരവർഷത്തോളം ബാക്കി നിൽക്കെ രാഗേഷും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു പാർട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്. സിപിഎമ്മിന്റെ സംഘടനാ ശ്രേണിയിൽ ഉയർന്ന ചുമതലകളൊന്നും കെ.കെ.രാഗേഷ് വഹിച്ചിട്ടില്ല. എസ്എഫ്ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലെത്തിയെങ്കിലും ഡിവൈഎഫ്ഐയുടെ നേതൃപദവിയും വഹിച്ചിട്ടില്ല. പിണറായി വിജയന്റെ വിശ്വസ്തൻ എന്ന നിലയ്ക്ക്, രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ രാഗേഷ് പ്രൈവറ്റ് സെക്രട്ടറിയാകും എന്നതുറപ്പായിരുന്നു. ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവും കണക്കിലെടുത്തു. മൂന്നരവർഷത്തോളം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിരുന്നു, രാഗേഷ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയൽ നീക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച രാഗേഷിന്റെ പ്രവർത്തന മികവിൽ പാർട്ടിക്ക് സംശയമുണ്ടായില്ല. അതേസമയം, ഭാര്യ ഡോ. പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിൽ നിയമിക്കാനുള്ള നീക്കം വിവാദമായി.
ജില്ലാ സെക്രട്ടറി സ്ഥാനമേറ്റതോടെ രാഗേഷ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു. പുതിയ പ്രൈവറ്റ് സെക്രട്ടറി ആരെന്നതിൽ തീരുമാനമായില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരം. ഒന്നരവർഷമേയുള്ളൂ എന്നതിനാൽ രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും വരുമോ, അതോ എം.വി.ജയരാജൻ ഒഴിഞ്ഞപ്പോൾ മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ ആർ.മോഹനെ നിയമിച്ചതുപോലെ ഉദ്യോഗസ്ഥർ ആരെങ്കിലും ആ സ്ഥാനത്തെത്തുമോ എന്നതു വ്യക്തമല്ല. സർക്കാർ നാലാം വാർഷികാഘോഷത്തിലേക്കു കടക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ പിഎസ് വരുമെന്നതുറപ്പ്.