ഒത്തുതീർപ്പു വ്യവസ്ഥയുടെ പേരിൽ ജീവനാംശം നിഷേധിക്കാനാവില്ല

Mail This Article
കൊച്ചി∙ വിവാഹബന്ധം പിരിയുമ്പോൾ ഭർത്താവിൽ നിന്നു ജീവനാംശം വേണ്ടെന്നു ഭാര്യ കരാറുണ്ടാക്കിയതിന്റെ പേരിൽ ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം കിട്ടാനുള്ള അവകാശം നഷ്ടമാകില്ലെന്നു ഹൈക്കോടതി. ഒത്തുതീർപ്പു വ്യവസ്ഥയുടെ പേരിൽ ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശത്തിനുള്ള അവകാശം നിഷേധിക്കുന്നതു പൊതു ജീവിത, നിയമ ക്രമത്തിനു വിരുദ്ധമാകുമെന്നു കോടതി വ്യക്തമാക്കി.
ഭാര്യയ്ക്കു പ്രതിമാസം 30,000 രൂപ ജീവനാംശം നൽകണമെന്നുള്ള മജിസ്ട്രേട്ട് കോടതി വിധി തിരുവനന്തപുരം ജില്ലാക്കോടതി ശരിവച്ചതിനെതിരെ കൊച്ചി സ്വദേശിയായ ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ഗാർഹികപീഡനം തടയൽ നിയമപ്രകാരമാണു ഭാര്യ മജിസ്ട്രേട്ട് കോടതിയിൽ ജീവനാംശം തേടിയത്. 2018 ലായിരുന്നു വിവാഹമോചനം. വിവാഹമോചനത്തോടെ ‘മുൻഭാര്യ’യായി മാറിയെന്നു പറഞ്ഞ്, ഗാർഹിക പീഡനം തടയൽ നിയമപ്രകാരം ജീവനാംശത്തിനുള്ള ക്ലെയിം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹ വേളയിൽ 301 പവനും 10 ലക്ഷം രൂപയും ജീവിത ക്ഷേമത്തിനായി തന്റെ മാതാപിതാക്കൾ നൽകിയിരുന്നുവെന്നും, ഭർത്താവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചെന്നുമാണു ഭാര്യയുടെ പരാതി. പൈലറ്റ് ആയ ഭർത്താവിന് പ്രതിമാസം ശമ്പളം 8.3 ലക്ഷം രൂപ ലഭിക്കുമെന്നു വിലയിരുത്തിയാണ്, 30,000 രൂപ വീതം ജീവനാംശം നൽകണമെന്നു വിചാരണക്കോടതി വിധിച്ചത്. എന്നാൽ ഭാര്യയ്ക്കു മറ്റു ജീവിതമാർഗം ഉണ്ടെന്നു പറഞ്ഞ് ഭർത്താവ് ജില്ലാ കോടതിയെ സമീപിച്ചു. അതു തള്ളിയതു ചോദ്യം ചെയ്താണു ഹൈക്കോടതിയിലെത്തിയത്.
ഒരു കുട്ടി ഉണ്ടായ ശേഷം 2017ൽ ഇരുവരും വിവാഹം വേർപിരിയാൻ നോട്ടറിയുടെ സാന്നിധ്യത്തിൽ കരാറുണ്ടാക്കിയെന്നും സ്ത്രീധനം, ചെലവ് സംബന്ധിച്ച തർക്കങ്ങളെല്ലാം ഒത്തുതീർപ്പാക്കിയെന്നും ഭാവിയിൽ ജീവനാംശം അവകാശപ്പെടില്ലെന്നു വ്യവസ്ഥയുണ്ടെന്നുമുള്ള ഭർത്താവിന്റെ വാദമാണു തള്ളിയത്.