സമരം തുടർന്ന് ആശാ പ്രവർത്തകർ; ഇടപെടൽ കടുപ്പിക്കാൻ പ്രതിപക്ഷം

Mail This Article
തിരുവനന്തപുരം ∙ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാരുടെ സമരത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തൽ സന്ദർശിക്കും.
സമരവുമായി സഹകരിക്കുന്നവരെ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്യുന്നെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നില്ല. അതിനാൽ യുഡിഎഫ് സ്വന്തംനിലയ്ക്കുള്ള സമരപരിപാടികളായിരിക്കും ആലോചിക്കുക.
സമരം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്നു വി.ഡി.സതീശൻ പലതവണ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾ നടത്തിയെങ്കിലും ആശമാർക്ക് അനുകൂലമായ തീരുമാനത്തിലെത്തിയില്ല. ആശമാരുടെ സമരം ഇപ്പോൾ അവസാനിപ്പിക്കണമെന്നും പ്രശ്നങ്ങൾ പഠിക്കാൻ, 3 മാസ കാലാവധിയോടെ സമിതിയെ നിയോഗിക്കമെന്നുമാണു സർക്കാർ നിലപാട്.
എന്നാൽ ഓണറേറിയത്തിൽ 3000 രൂപയെങ്കിലും ഇപ്പോൾ വർധിപ്പിക്കണമെന്നും മറ്റ് ആവശ്യങ്ങൾ സമിതിക്കു വിടാമെന്നുമാണു സമരസമിതിയുടെ ആവശ്യം. ഇതിൽ തീരുമാനം ഉണ്ടായാൽ സമരം അവസാനിക്കും. സമരം വിജയത്തോടെ അവസാനിപ്പിക്കുന്നതിനു സർക്കാരിനും സിപിഎമ്മിനും താൽപര്യമില്ലെന്നാണ് വിലയിരുത്തൽ.
സമരം അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ചു സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ സർക്കാരിനെ നിരന്തരം വിമർശിക്കുന്നുണ്ട്. സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരാണ് ഇവരിൽ ഏറെയും. ആശമാർ കേന്ദ്രത്തിനെതിരെ സമരം ചെയ്യണമെന്ന് സിപിഎം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹരിയാനയിലും തമിഴ്നാട്ടിലും ഉൾപ്പെടെ ആശമാർ സിഐടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓണറേറിയം വർധിപ്പിക്കാതെ സമരം എങ്ങനെ അവസാനിപ്പിക്കാൻ സാധിക്കുമെന്ന മാർഗങ്ങൾ സർക്കാരും പരിശോധിക്കുന്നുണ്ട്.