മുനമ്പം ഭൂമി: നിലപാട് മാറ്റി കേന്ദ്രമന്ത്രി; 'വഖഫ് ബിൽ പരിഹാരമല്ല'

Mail This Article
കൊച്ചി ∙ വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെലഭിക്കുമെന്ന് പാർലമെന്റിൽ പറഞ്ഞ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു മുനമ്പത്ത് എത്തിയപ്പോൾ നിലപാട് മാറ്റി. നീതി ലഭിക്കുംവരെ മുനമ്പത്തുകാർ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും പുതിയ നിയമപ്രകാരമുള്ള പുനഃസംഘടന നടക്കുന്നതോടെ സമരക്കാർക്കു സുപ്രീംകോടതിയിലടക്കം നീതി തേടി പോകാനുള്ള സാഹചര്യമുണ്ടാകുമെന്നുമാണ് റിജിജു ഇന്നലെ പറഞ്ഞത്.
വഖഫ് ബിൽ പാസാക്കിയതിന്റെ നന്ദിസൂചകമായി മുനമ്പത്ത് എൻഡിഎ സംഘടിപ്പിച്ച ‘നന്ദി മോദി’ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ‘പുതിയ വഖഫ് ഭേദഗതി നിയമത്തിനു മുനമ്പം ഭൂമി വിഷയത്തിൽ അനുകൂലമായ മുൻകാല പ്രാബല്യം ലഭിക്കുമോ എന്നത് ഇപ്പോൾ ഉറപ്പു പറയാനാകില്ല. ജില്ലാ കലക്ടർ മുഴുവൻ രേഖകളും നടപടികളും വിശദമായി വീണ്ടും പരിശോധിച്ചു തീരുമാനമെടുക്കണം. ഇതിനായുള്ള എല്ലാ നിയമ, ഭരണ സഹായങ്ങളും നൽകും. വഖഫ് ട്രൈബ്യൂണലുകളടക്കം പുതിയ നിയമപ്രകാരം പുനഃസംഘടിപ്പിക്കപ്പെടും’– റിജിജു പറഞ്ഞു.
പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ല: സമരസമിതി
കേന്ദ്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമര സമിതി. മുനമ്പം ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹാരം ആകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇനിയും സുപ്രീം കോടതി വരെ നിയമ പോരാട്ടം വേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് സമര സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു. എത്രയും വേഗമുള്ള പരിഹാരമാണ് സമിതി ആഗ്രഹിച്ചിരുന്നത്. ചട്ടങ്ങൾ രൂപീകരിച്ച് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കാമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നു.