സഹപ്രവർത്തകരുടെ പിഎഫ് അക്കൗണ്ടിലെ തുക ‘സംഭാവന’യാക്കി: മുൻ അധ്യാപകൻ അറസ്റ്റിൽ

Mail This Article
കാടാമ്പുഴ (മലപ്പുറം) ∙ പ്രധാനാധ്യാപിക ഉൾപ്പെടെ 3 അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ലോഗിൻ ഐഡി ദുരുപയോഗിച്ച് അക്കൗണ്ടിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ അധ്യാപകൻ അറസ്റ്റിൽ. കാടാമ്പുഴ എയുപി സ്കൂളിലെ മുൻ അധ്യാപകൻ കൊളത്തൂർ ചെമ്മലശ്ശേരി തച്ചങ്ങാടൻ സെയ്തലവി (42) ആണ് അറസ്റ്റിലായത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കൊണ്ടുപോകുന്നതിനിടെ ഇയാൾ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞെങ്കിലും പിന്നീട് പിടികൂടി.
എട്ടു കേസുകളിൽ പ്രതിയായ സെയ്തലവിയെ 2018ൽ ആണ് സ്കൂളിൽനിന്നു പുറത്താക്കിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രധാനാധ്യാപികയുടെയും 3 അധ്യാപകരുടെയും ലോഗിൻ ഐഡി ഹാക്ക് ചെയ്ത ശേഷം പിഎഫ് ഫണ്ട് ദുരിതാശ്വാസ നിധിയിലേക്കു മാറ്റാൻ ശ്രമിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണു സംഭവം.
ഇതിൽ ഒരു അധ്യാപികയുടെ പിഎഫ് അക്കൗണ്ടിലെ തുക മാറ്റുന്നതിനുള്ള അപേക്ഷയിൽ, സ്വയംവിരമിക്കലിന് അപേക്ഷ നൽകിയതായി രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യക്തതയ്ക്കായി വിദ്യാഭ്യാസ വകുപ്പിൽനിന്നു ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്. അധ്യാപകരുടെ പരാതിയിൽ കേസെടുത്ത പൊലീസ്, സിഐ കമറുദ്ദീൻ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരൂർ കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്കു കൊണ്ടുവരുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞു. കാടാമ്പുഴ സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് ഒപ്പമുണ്ടായിരുന്നത്. തിരൂർ ഡിവൈഎസ്പിയെ വിവരമറിയിച്ചതിനെത്തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിൽ തിരൂർ നഗരത്തിലെ കെട്ടിടത്തിൽനിന്നാണു പിടികൂടിയത്.