എത്ര ബാറുണ്ട്? വിവരമില്ല; ബവ്കോ ഔട്ലെറ്റ്? നോ ഐഡിയ!

Mail This Article
ചങ്ങനാശേരി ∙ സംസ്ഥാനത്ത് എത്ര ബാറുകൾ ഉണ്ട്? എത്ര ബവ്കോ ഔട്‌ലെറ്റുകൾ ഉണ്ട് ? ഒരു വിവരവുമില്ലെന്ന് എക്സൈസ് വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് തിരുവനന്തപുരം സംസ്ഥാന എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്നുള്ള വിചിത്ര മറുപടി.സംസ്ഥാനത്തെ ബാറുകളുടെയും ബവ്കോ ഔട്‌ലെറ്റുകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ മറുപടി. 2016 മാർച്ച് 31നു കേരളത്തിൽ എത്ര ബവ്കോ ഔട്‌ലെറ്റുകളും ബാറുകളും ഉണ്ടായിരുന്നു, 2025 മാർച്ച് 31ന് എത്ര ഔട്‌ലെറ്റുകളും ബാറുകളും ഉണ്ടെന്നുമുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയില്ല.
ഡിസ്റ്റിലറികളുടെ എണ്ണം സംബന്ധിച്ചും ഉത്തരമില്ല. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി എക്സൈസ് വകുപ്പ് മുന്നോട്ടുപോകുന്ന സമയത്താണ് അടിസ്ഥാനവിവരങ്ങൾ പോലും വകുപ്പിന്റെ പക്കലില്ലെന്ന വിവരം പുറത്തുവരുന്നത്. വൈഎംസിഎ കേരള റീജൻ നടത്തുന്ന ലഹരിവിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവരശേഖരണത്തിനായി റീജൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ ചോദിച്ചപ്പോഴാണ് എക്സൈസ് വകുപ്പിന്റെ ‘വിവരമില്ലായ്മ’ പുറത്തുവന്നത്.