സർക്കാരിന്റെ നാലാം വാർഷികം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Mail This Article
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദർശന – വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10നു കാലിക്കടവ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. രാവിലെ 11നു പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ മുഖ്യമന്ത്രി ജില്ലയിലെ പ്രമുഖരുമായി സംവദിക്കും.
സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, തൊഴിലാളി പ്രതിനിധികൾ, ട്രേഡ് യൂണിയൻ അംഗങ്ങൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, വ്യവസായികൾ, പ്രവാസികൾ, സമുദായ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4നു കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലി.
7 ദിവസത്തെ മേളയുടെ ഭാഗമായി വിപുലമായ പന്തലാണു കാലിക്കടവ് മൈതാനിയിലൊരുക്കിയത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ, കാർഷിക പ്രദർശനം, ഡോഗ് ഷോ, ഫുഡ് കോർട്ട്, ചിൽഡ്രൻസ് സോൺ എന്നിവ മേളയിലുണ്ടാകും.