ലഹരി പരിശോധന സിനിമാ സെറ്റുകളിലേക്കും കാരവനുകളിലേക്കും

Mail This Article
തിരുവനന്തപുരം ∙ ലഹരിവിരുദ്ധ പോരാട്ടം സിനിമാ സെറ്റുകളിലേക്കും അഭിനേതാക്കളുടെ കാരവനുകളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ്. സിനിമാസെറ്റുകളിൽ ലഹരിയുടെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണു പൊലീസ് പിടിമുറുക്കുന്നത്. സിനിമാസംഘടനകളുടെ സഹായത്തോടെ സെറ്റുകളിൽ കർശന നിരീക്ഷണം നടത്തും.
ആവശ്യമെങ്കിൽ അഭിനേതാക്കളുടെ കാരവനുകളിലും പരിശോധന നടത്തും. ലഹരി ഉപയോഗത്തിനു ചിലർ കാരവനുകൾ മറയാക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണിത്.
അഭിനേതാക്കൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് സിനിമാ സെറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നത്. ലഹരി ഉപയോഗം സംശയിക്കുന്ന സിനിമാ സാങ്കേതിക പ്രവർത്തകരെയും കർശനമായി നിരീക്ഷിക്കും. സിനിമാ താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകൾ, ആഘോഷ പാർട്ടികൾ എന്നിവയിലും പരിശോധനകളുണ്ടാകും. ഇത്തരം ആഘോഷ പാർട്ടികളിൽ സ്ഥിരമായി ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളുണ്ട്. അന്തർ സംസ്ഥാന ബന്ധമുള്ള ലഹരി റാക്കറ്റുകളിലെ കണ്ണികളാണ് ഇവരെന്നാണു വിവരം.