കോൺഗ്രസിൽ ചട്ടം മുൻപും; പെരുമാറ്റം പഴയപടി

Mail This Article
തിരുവനന്തപുരം ∙‘കോൺഗ്രസിന്റെ പൊതുയോഗങ്ങൾ, ജാഥകൾ, സമരങ്ങൾ, നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ എന്നിവയിൽ കർശനമായ പെരുമാറ്റച്ചട്ടം നടപ്പാക്കും. ഇവ ആൾക്കൂട്ടമായി മാറുന്ന സ്ഥിതി അവസാനിപ്പിക്കും. ക്ഷണിക്കപ്പെടുന്നവർ മാത്രമേ വേദിയിൽ ഉണ്ടാകാവൂ. നേതാക്കളെ മറയ്ക്കുന്ന തരത്തിൽ ജാഥകളുടെ മുന്നിലെ ഇടി അനുവദിക്കില്ല.’ കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ‘ഇടി’യുടെ പശ്ചാത്തലത്തിൽ കെപിസിസി തയാറാക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലെ നിർദേശമാണ് ഇതെന്നു കരുതിയാൽ തെറ്റി. ഇതു 4 വർഷം മുൻപ് 2021 സെപ്റ്റംബറിൽ തന്നെ കെപിസിസി പ്രഖ്യാപിച്ച മാർഗരേഖയിലെ നിർദേശമാണ്.
പുതിയ മാർഗരേഖയുടെ വിവരം പുറത്തുവന്നു വൈകാതെ കോൺഗ്രസിനുള്ളിലെ ചർച്ച മറ്റൊന്നല്ല, മുൻപത്തെ പെരുമാറ്റച്ചട്ടങ്ങളിലെയും മാർഗരേഖകളിലെയും നിർദേശങ്ങളിൽ പാതിയെങ്കിലും പാലിക്കപ്പെട്ടിരുന്നെങ്കിൽ! കെ.സുധാകരൻ പ്രസിഡന്റായ ഘട്ടത്തിൽ പാർട്ടിയുടെ ചട്ടക്കൂട് ഭദ്രമാക്കാനുള്ള ആലോചന നടന്നു. പാർട്ടിയെ സെമി കേഡറാക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി ചട്ടങ്ങളും തയാറാക്കി. ഇതേ മാർഗരേഖയിലെ മറ്റൊരു നിർദേശം ഇതാണ്: ‘ഒരാൾ ഒരു പദവി നിർബന്ധമായും നടപ്പാക്കും’. കെപിസിസി പ്രസിഡന്റ് തന്നെ പക്ഷേ ഇപ്പോഴും ലോക്സഭാംഗം കൂടിയാണ്. ഫ്ലെക്സ് ബോർഡുകൾ വ്യക്തിഗതമായ പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നതു നിയന്ത്രിക്കും എന്നതായിരുന്നു മുൻ മാർഗരേഖയിലെ മറ്റൊരു തീരുമാനം. എല്ലാ പാർട്ടി പരിപാടികൾക്കും ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കാനും തീരുമാനിച്ചു. നടപ്പിൽ വന്നപ്പോൾ സ്വന്തം ഫ്ലെക്സ് ബോർഡുകൾ കൂടി; ഗാന്ധിജി കുറഞ്ഞു.
കോൺഗ്രസ് വേദികളിൽ ചുരുങ്ങിയത് ഒരു വനിതയുടെയും പട്ടികജാതി–വർഗ വിഭാഗത്തിൽപെട്ട ഒരാളുടെയും സാന്നിധ്യം ഉറപ്പാക്കും, ഓഫിസുകൾ പുരുഷ കേന്ദ്രീകൃതമാകുന്നത് അവസാനിപ്പിക്കും, പാർട്ടി ഭാരവാഹികളുടെ പ്രവർത്തനം 6മാസം കൂടുമ്പോൾ വിലയിരുത്തി പ്രവർത്തിക്കാത്തവരെ മാറ്റും, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നേതാക്കളെ അവഹേളിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയ സദുദ്ദേശ്യ ചട്ടങ്ങൾ വേറെയും ഉണ്ടായി. 4 വർഷമാകുമ്പോഴും ഇതൊന്നും പ്രാവർത്തികമായിട്ടില്ല. 12 വർഷമായ ഡിസിസി ഭാരവാഹികളാണ് ജില്ലകളിൽ തുടരുന്നത്.