ഗൗതമിന്റേത് ആത്മഹത്യയല്ല: ടി. ആസഫലി

Mail This Article
ഗൗതം വിജയകുമാറിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു കേരള പൊലീസിന്റെ നിലപാട്. ഈ കേസ് വിശദമായി പരിശോധിച്ചാൽ ആത്മഹത്യയുടെ സാധ്യതകൾ വളരെ കുറവാണെന്നു മനസ്സിലാകും. ഹൈക്കോടതി സ്വമേധയാ കേസിൽ ഐജിയെ കക്ഷി ചേർക്കുകയും കേസന്വേഷണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് ഐജി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം കൊടുത്തെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. അങ്ങനെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗൗതം ട്രെയിനു മുന്നിൽച്ചാടി മരിച്ചതാണെന്ന റഫർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
ഗൗതമിന്റെ കാർ കിടന്നതിന് 240 മീറ്റർ ദൂരെയാണ് റെയിൽവേ ട്രാക്ക്. ഇതിന്റെ വശത്താണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ നിറയെ രക്തമായിരുന്നു. അവിടെ വച്ചാണ് ഗൗതം ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഗൗതമിന് 240 മീറ്റർ ദൂരം നടന്ന് ട്രാക്കിലെത്തി ആത്മഹത്യ ചെയ്യാൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഇത് കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. അങ്ങനെയാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.
ഗൗതമിന്റെ മൃതദേഹത്തിൽ ട്രെയിൻ ഇടിച്ചിട്ടില്ല. റയിൽ ട്രാക്കിന്റെ വശത്തു കൊണ്ടുപോയി കിടത്തിയതായിട്ടാണ് മനസ്സിലാകുന്നത്. പൊലീസ് നടത്തിയ അന്വേഷണം ശരിയല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.