മുനമ്പം വിഷയം: സർക്കാരിന് തീർക്കാമായിരുന്നുവെന്ന് രേഖ

Mail This Article
കോഴിക്കോട് ∙ സർക്കാർ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ മുനമ്പം വിഷയം വഷളാകില്ലായിരുന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്ത്. പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കണമെന്നു ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് മുൻ ഉദ്യോഗസ്ഥൻ സർക്കാരിനു സമർപ്പിച്ച അനൗദ്യോഗിക റിപ്പോർട്ടാണു പുറത്തു വന്നത്. മുനമ്പത്തെ ഭൂമി പ്രശ്നം പഠിക്കാനായി വഖഫ് ബോർഡ് ചുമതലപ്പെടുത്തിയ മുൻ അന്വേഷണ ഉദ്യോഗസ്ഥനാണു റിപ്പോർട്ട് നൽകിയത്.
ഭൂമി സർക്കാർ ഏറ്റെടുത്തു കൈവശക്കാർക്കു പതിച്ചു നൽകുകയും തുല്യ അളവിലുള്ള ഭൂമി വഖഫ് ബോർഡിന് മറ്റെവിടെയെങ്കിലും അനുവദിക്കുകയും ചെയ്യണമെന്നായിരുന്നു ശുപാർശ. മുനമ്പം വിഷയം രൂക്ഷമാകുന്നതിനു മുൻപായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിൽനിന്ന്:
സിദ്ദീഖ് സേട്ടിന്റെ വഖഫ് ചെയ്യപ്പെട്ട ഭൂമി മുതവല്ലിയുടെ (ഫാറൂഖ് കോളജ്) അനാസ്ഥ കാരണം കയ്യേറ്റങ്ങൾക്കും പൂർണ നഷ്ടത്തിനും കാരണമായി. ഇപ്പോൾ കൈവശക്കാരുടെ പ്രധാന ആവശ്യം ഭൂമിയിൽ വഖഫിനുള്ള അവകാശം ഒഴിഞ്ഞു നൽകുക എന്നതാണ്. എന്നാൽ, നിലവിലെ നിയമപ്രകാരം അതു സാധ്യമല്ല.
പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണ് എന്നു കണ്ടാൽ വഖഫ് ഭൂമി സർക്കാരിന് ഏറ്റെടുക്കാം. അപ്രകാരം ചെയ്യുമ്പോൾ തുല്യ മൂല്യമുള്ള ഭൂമി പകരമായി നൽകുകയോ മൂല്യം കണക്കാക്കി തുക നൽകുകയോ ആണ് വഖഫ് നിയമപ്രകാരം ചെയ്യേണ്ടത്.
∙ ‘ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാരിനു മുന്നിൽ എത്തിയതായി അറിവില്ല. മുഖ്യമന്ത്രിയോ വകുപ്പു മന്ത്രിയോ വിഷയത്തിൽ ഇടപെട്ട് വഖഫ് ബോർഡിനു നിർദേശം നൽകുകയാണു പതിവ്. ബോർഡ് ഉദ്യോഗസ്ഥനായ ഒരാൾക്കു സർക്കാരിനു ശുപാർശ നൽകാൻ കഴിയില്ല.’ – എം.കെ. സക്കീർ, വഖഫ് ബോർഡ് ചെയർമാൻ