രാജീവ് ചന്ദ്രശേഖറിന്റെ ഗുരുവായൂർ ക്ഷേത്രദർശന വിഡിയോ; വിവാദം

Mail This Article
ഗുരുവായൂർ ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്നലെ പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതിന്റെ വിഡിയോ ദൃശ്യങ്ങളെ ചൊല്ലി വിവാദം. തെക്കേ നടപ്പുരയിലൂടെ രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും ദർശനത്തിനായി നടന്നു നീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുപ്രകാരം ക്ഷേത്ര പരിസരത്തെ നടപ്പുരകളിൽ വിഡിയോ എടുക്കുന്നതിന് വിലക്കുണ്ട്. യുട്യൂബറായ ജസ്ന സലിം കിഴക്കേ നടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഭക്തർ ക്ഷേത്ര പരിസരത്ത് വിഡിയോ എടുക്കുന്നത് ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കാറുണ്ട്. വിഷു ദിവസം പുലർച്ചെ ക്ഷേത്രത്തിലെ വിഷു വിശേഷം പകർത്താനായി ചാനൽ പ്രതിനിധികൾ ഗുരുവായൂരിൽ എത്തിയെങ്കിലും ഹൈക്കോടതി ഉത്തരവിന്റെ പേരു പറഞ്ഞ് ദേവസ്വം ആരെയും നടപ്പുരയിലേക്കു പോലും പ്രവേശിപ്പിച്ചില്ല. 4 നടകളിലും കുളത്തിനു ചുറ്റുമായി ഒരു കിലോമീറ്ററിലേറെ ദൂരം നടപ്പുരയുണ്ട്. ഇവിടെയൊന്നും വിഡിയോ ചിത്രീകരണം പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജീവ് ചന്ദ്രശേഖറിന്റെ വിഡിയോ ശ്രദ്ധയിൽ പെട്ടില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.