മകന്റെ ദുരൂഹമരണം: സിബിഐ നേരറിയും മുൻപേ മാതാപിതാക്കളുടെ മരണം

Mail This Article
കോട്ടയം, കൊച്ചി ∙ മകൻ ഗൗതമിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ സിബിഐ അന്വേഷണം വേണമെന്ന ടി.കെ.വിജയകുമാറിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി വിധി വന്നത് കഴിഞ്ഞ ഫെബ്രുവരി 19നാണ്. നരഹത്യാ സാധ്യത അന്വേഷിക്കണമെന്ന നിരീക്ഷണങ്ങളോടെ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് സിബിഐക്കു വിട്ടത്.
ഗൗതമിന്റെ മരണം സംബന്ധിച്ച ഫയലുകൾ സിബിഐയ്ക്കു കൈമാറിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു. ഗൗതമിന്റെ മരണവും ഇപ്പോഴത്തെ കൊലപാതകവും സംബന്ധിച്ച് ഒരു ബന്ധവും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും വിവരങ്ങൾ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൗതമിന്റെ മരണത്തിലെ സംശയങ്ങൾ
∙ മൃതദേഹത്തിൽ ട്രെയിൻ തട്ടിയതിന്റെ പരുക്കുകൾ കൂടാതെ കഴുത്തിന്റെ ഇരുവശത്തും കാണപ്പെട്ട മുറിവ്.
∙ ഗൗതം ഓടിച്ച കാറിനുള്ളിലും രക്തം കണ്ടെത്തി.
∙ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി രക്തം പുരണ്ട നിലയിൽ കാറിൽ നിന്ന് കണ്ടെത്തി.
∙ മരണവിവരം പുറത്തു വന്നതിന്റെ തലേ രാത്രി എട്ടുമണിയോടെ ഗൗതം വീട്ടിലേക്ക് വിളിച്ച് വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കൊണ്ടു വരണോ എന്ന് ചോദിച്ചിരുന്നതായി വിജയകുമാർ പറഞ്ഞിരുന്നു. ഇങ്ങനെ സാധാരണ മട്ടിൽ സംസാരിച്ച മകൻ ആത്മഹത്യ ചെയ്യില്ലെന്ന പിതാവിന്റെ വിശ്വാസം.