ഐടി പാർക്ക്: ദീർഘകാല നിക്ഷേപത്തിന് പ്രോത്സാഹനം

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഐടി പാർക്കുകളിൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തെ (നോൺ സെസ്) ഭൂമിയിൽ ഐടി കമ്പനികൾക്കും കോ–ഡവലപ്പേഴ്സിനും അനുവദിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി 90 വർഷമായി വർധിപ്പിക്കും. നിലവിൽ ഇത് 30 വർഷമാണ്. ഓരോ അപേക്ഷയും പരിശോധിച്ച് സർക്കാർതലത്തിൽ തീരുമാനമെടുക്കും. നേരത്തേ പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) ഈ ഇളവ് അനുവദിച്ചിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നതു പ്രോത്സാഹിപ്പിക്കാനാണു സർക്കാർ ഉത്തരവിറക്കിയത്. നിക്ഷേപകർക്ക് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 30 വർഷം കുറഞ്ഞ കാലയളവാണെന്നു കാട്ടി ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
നിക്ഷേപത്തിന്റെ മൂല്യം കണക്കിലെടുത്താകും പാട്ടക്കാലാവധി വർധിപ്പിക്കുക. പാട്ടത്തിനു നൽകിയ അതേ ആവശ്യത്തിനുതന്നെയാണോ ഭൂമി ഉപയോഗിക്കുന്നതെന്നും സമയപരിധിക്കുള്ളിലാണോ നടപ്പാക്കുന്നതെന്നും ഐടി പാർക്ക് അധികൃതർ ഉറപ്പാക്കണം. പാട്ടത്തിനു നൽകുന്ന ഭൂമി അന്യാധീനപ്പെടാൻ പാടില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്തും. ദീർഘകാലത്തേക്കു വൻ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് ആത്മവിശ്വാസമേകുന്നതാണു തീരുമാനമെന്ന് സംസ്ഥാനത്തെ ഐടി പാർക്കുകളിലെ കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ ചെയർമാൻ വി.കെ.മാത്യൂസ് ‘മനോരമ’യോടു പറഞ്ഞു.