കാർഷിക സംരംഭങ്ങൾക്ക് പുതിയ സാങ്കേതികവിദ്യ; ‘കെ-ടാപ്’ നടപ്പിലാക്കാൻ കുടുംബശ്രീ

Mail This Article
ആലപ്പുഴ∙കാർഷിക സംരംഭങ്ങൾ ആധുനികമാക്കാനും യുവസംരംഭകരെ ആകർഷിക്കാനും ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) നടപ്പിലാക്കാൻ കുടുംബശ്രീ. രാജ്യത്തെ വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകദേശം 180 പുതിയ സാങ്കേതികവിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. കൃഷിയിലും അനുബന്ധ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപാദനം, സംസ്കരണം, വിപണനം എന്നിവ മെച്ചപ്പെടുത്തുകയും മൂല്യവർധിത ഉൽപന്ന നിർമാണം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.
കുടുംബശ്രീക്കു കീഴിൽ 92,442 കർഷക സംഘങ്ങളിലായി 4.3 ലക്ഷത്തോളം വനിതകൾ കൃഷിരംഗത്തുണ്ട്. നെല്ല്, വാഴ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കുമ്പോൾ ഇത്രയും വനിതകൾക്കു പ്രയോജനം ലഭിക്കും. ചെറുധാന്യങ്ങളുടെ മൂല്യവർധന ഉൽപന്നങ്ങൾ, നാളികേര ഉൽപന്നങ്ങൾ എന്നിവയുടെ നിർമാണം, പരിസ്ഥിതിസൗഹൃദ പാക്കേജിങ്, ജൈവോൽപാദന രീതികൾ, സ്മാർട് ഫാമിങ്, ബ്രാൻഡിങ്, ലൈസൻസ് ലഭ്യമാക്കൽ തുടങ്ങിയവയ്ക്കു സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇതുവഴി സംരംഭങ്ങൾ വലുതാകുകയും വരുമാനം കൂടുകയും ചെയ്യുമെന്നാണു പ്രതീക്ഷ.
യുവസംരംഭകരെ കണ്ടെത്താനും കെ-ടാപ് പ്രയോജനപ്പെടുത്തും. ആധുനിക കാർഷിക, സംസ്കരണ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തിയും സംരംഭകത്വ പരിശീലനം നൽകിയുമാകും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക.