ഇന്ത്യാസഖ്യം 400 സീറ്റിലെങ്കിലും ഒരുമിച്ചു മത്സരിക്കണം: ബേബി

Mail This Article
പത്തനംതിട്ട ∙ ഇന്ത്യാസഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യം പരമാവധി കുറയ്ക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി അഭിപ്രായപ്പെട്ടു. ലോക്സഭയിലേക്ക് 400 സീറ്റിലെങ്കിലും ഒരുമിച്ചു മത്സരിക്കണം. ഫാഷിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരിക്കുമ്പോൾ ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ കഴിഞ്ഞത് മുന്നണി രൂപീകരിച്ചതു മൂലമാണ്. വിശാല ഇടതു സഖ്യത്തിലെ ചില പാർട്ടികൾ പ്രാദേശികമായി മറ്റു മുന്നണികൾക്കൊപ്പം നിൽക്കുന്നത് ദേശീയതലത്തിലെ ഐക്യത്തെ ബാധിക്കില്ലെന്നും ബേബി പറഞ്ഞു.
തുമ്പമൺ ഭദ്രാസനത്തിന്റെ 150–ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന കൺകോഡിയ– 25 പരിപാടിയോട് അനുബന്ധിച്ച് മനോരമ ഹോർത്തൂസ് ഔട്റീച് സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ബേബി. മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കൊതിരെ കരിമണൽ കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) തയാറാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള റിപ്പോർട്ടാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുപക്ഷത്തെ നയിക്കും. നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ വാർഷികാഘോഷം നടത്തുന്നതിൽ തെറ്റില്ലെന്നും എം.എ.ബേബി പറഞ്ഞു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ചർച്ച നിയന്ത്രിച്ചു.