സരിന് പദവി നൽകാൻ സിപിഎം, ഒഴിവു നികത്താതെ കോൺഗ്രസ്; സെൽ ഉടച്ചുവാർക്കണമെന്നു ദീപ ദാസ്മുൻഷി

Mail This Article
തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാകാൻ കോൺഗ്രസ് വിട്ട പി.സരിനെ സർക്കാർ പദ്ധതിയുടെ തലപ്പത്തു നിയോഗിക്കാൻ സിപിഎം ഒരുങ്ങുമ്പോഴും, സരിൻ ഒഴിഞ്ഞ ചുമതലയിൽ പകരക്കാരനെ വയ്ക്കാതെ കോൺഗ്രസ്. നവംബറിൽ രാജിവയ്ക്കുമ്പോൾ കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു സരിൻ.
തദ്ദേശ തിരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോഴും പ്രഫഷനലായ ഡിജിറ്റൽ മീഡിയ സംവിധാനമോ, മുഴുവൻ സമയ ചുമതലക്കാരനോ കെപിസിസിക്ക് ഇല്ല. കഴിഞ്ഞ കെപിസിസി നേതൃയോഗത്തിൽ നിലവിലെ ഡിജിറ്റൽ മീഡിയ സെല്ലിനെ ഉടച്ചുവാർക്കണമെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നിർദേശിച്ചിരുന്നു.
സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി, ജില്ലാ കമ്മിറ്റി, ജില്ലാ കമ്മിറ്റിക്കു കീഴിൽ ടാസ്ക് ഫോഴ്സ് എന്നതാണ് ഇപ്പോൾ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഘടന. മണ്ഡലം വരെ സെൽ വ്യാപിപ്പിക്കാനുള്ള പദ്ധതിയും നടന്നില്ല. സരിൻ കൺവീനറായിരിക്കെ സെല്ലിലെ ഭാരവാഹികൾ തമ്മിലുണ്ടായ ചേരിതിരിവും ഇതിനു കാരണമായി.
വി.ടി.ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ എന്ന നിലയ്ക്ക് ഇടപെടുന്നുണ്ടെങ്കിലും കെപിസിസി വൈസ് പ്രസിഡന്റ് എന്ന ഉത്തരവാദിത്തവുമുണ്ട്. ദീപ ദാസ്മുൻഷി കൂടി വിമർശിച്ചതോടെ ഡിജിറ്റൽ മീഡിയ സെൽ പ്രഫഷനലായി പുനഃസംഘടിപ്പിക്കാനുള്ള ആലോചന പാർട്ടി നേതൃത്വത്തിൽ തുടങ്ങി. ഇപ്പോൾ സജീവ പാർട്ടി പ്രവർത്തകർ മാത്രമാണ് ഈ സംവിധാനത്തിന്റെ ഭാഗം.
കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി.നികേഷ്കുമാറിന്റെ നേതൃത്വത്തിലാണു സിപിഎം തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡിജിറ്റൽ മീഡിയ പ്രവർത്തനം നടത്തുന്നത്. സിപിഎം അനുഭാവികളായ, പുറമേനിന്നുള്ള പ്രഫഷനലുകളും ഇതിന്റെ ഭാഗമാണ്.
ഇതേരീതിയിൽ തലപ്പത്തു യുവ നേതാക്കളെ നിയോഗിച്ച് പ്രഫഷനൽ ടീം രൂപീകരിക്കാനാണ് കോൺഗ്രസ് ആലോചന. എഐസിസിയുടെ അനുവാദം കൂടി തേടും. പ്രധാനപ്പെട്ട തസ്തികകളിലെ ഒഴിവു നികത്താൻ വൈകുന്നതിലും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. വി.പ്രതാപചന്ദ്രന്റെ മരണശേഷം 2022 ഡിസംബർ മുതൽ കെപിസിസി ട്രഷറർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.