ഡിസിസി പ്രസിഡന്റ് നിയമനം എഐസിസി ഏറ്റെടുക്കുന്നു

Mail This Article
തിരുവനന്തപുരം ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെ നിയമനം എഐസിസി നേരിട്ടു നടത്തും. ഡിസിസി പ്രസിഡന്റുമാർക്ക് കൂടുതൽ അധികാരവും പ്രവർത്തനസ്വാതന്ത്ര്യവും നൽകാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനത്തിന്റെ തുടർച്ചയായാണിത്. ഡിസിസി പ്രസിഡന്റ് നിയമനത്തിനായി 5 പേരുടെ പാനൽ തയാറാക്കി നൽകണം. അതിൽനിന്നു പ്രസിഡന്റിനെ എഐസിസി തീരുമാനിക്കും. അഹമ്മദാബാദ് എഐസിസിക്ക് ആതിഥ്യം വഹിച്ച ഗുജറാത്തിലാകും ഇത് ആദ്യം നടപ്പാക്കുക.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും എഐസിസി നിരീക്ഷകരെ നിയോഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പു ചുമതലയും ഇവരെ ഏൽപിച്ചു. ഇവർ അഭിമുഖവും അനുബന്ധ പരിശോധനകളും സംസ്ഥാന, ജില്ലാ നേതാക്കളുമായി കൂടിയാലോചനകളും നടത്തി അഞ്ചംഗ പാനൽ തയാറാക്കണം. പിസിസിയുടെ അഭിപ്രായം കൂടി തേടി എഐസിസി അതിൽനിന്ന് ഒരാളെ തീരുമാനിക്കും. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു ഡിസിസി അഴിച്ചുപണിയുണ്ടാകുമെന്ന സൂചന ശക്തമാണ്. ഡിസിസി ഭാരവാഹി തലത്തിൽ അഴിച്ചുപണി വേണമെന്നും ധാരണയായിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് നിയമനത്തിൽ ഇനി സംസ്ഥാന നേതൃത്വത്തിന്റെ നിയന്ത്രണം പരിമിതപ്പെടും. ഡിസിസി പ്രസിഡന്റുമാരെ ശാക്തീകരിക്കുന്നതിനുള്ള ചർച്ചകളിൽ, സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ അവർക്കു പ്രവർത്തനസ്വാതന്ത്ര്യം നൽകുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. ഡിസിസി പ്രസിഡന്റുമാർ നേതാക്കളുടെ നോമിനികളാകുന്നതു കൊണ്ടാണിതെന്നു വിലയിരുത്തിയാണ് നിയമനം എഐസിസി ഏറ്റെടുക്കുന്നത്.