ADVERTISEMENT

ബിരുദം രണ്ടാം വർഷം പഠിക്കുമ്പോൾ ഒരു പുസ്തകരചനയുമായി ബന്ധപ്പെട്ട രേഖകൾ തേടി ഞാൻ കോഴിക്കോട് റീജനൽ ആർക്കൈവ്സിൽ എത്തി. പക്ഷേ,കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ സംവിധാനം വഴി സ്വന്തമായി ചരിത്രം പഠിക്കുന്ന എനിക്ക്  അവിടെനിന്ന് വേണ്ടതു കിട്ടാൻ എളുപ്പമായിരുന്നില്ല. ആർക്കൈവ്സിന്റെ പ്രാദേശിക മേധാവിയായിരുന്ന സി.പി. അബ്ദുൽ മജീദ് ആണ് എന്നെ എംജിഎസിന് അടുത്തേക്കു പറഞ്ഞയച്ചത്. അങ്ങനെ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ എംജിഎസിന്റെ വീടായ ‘മൈത്രി’യിലെത്തി. അദ്ദേഹം യാതൊരു വൈമനസ്യവുമില്ലാതെ സ്വന്തം ലെറ്റർഹെഡിൽ എന്നെ പരിചയപ്പെടുത്തി കത്ത് തന്നു. ഡിഗ്രി പഠിക്കുന്ന നാട്ടിൻപുറത്തുകാരനായ വിദ്യാർഥിക്ക്, യാതൊരു അപരിചിത്വങ്ങളുമില്ലാതെ, ആരുടെയും ശുപാർശകളില്ലാതെ, കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായിരുന്ന, ചരിത്രകാരൻ റഫറൻസ് ലെറ്റർ തന്നതു ചെറിയകാര്യമല്ല. ചരിത്രം ഗൗരവമായി പഠിക്കുന്നതിലേക്കു വഴിവച്ച പല ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ അന്നത്തെ പെരുമാറ്റം തന്നെയാണ്.

പിൽക്കാലത്ത് പലപ്പോഴായി ‘മൈത്രി’യിലെത്താനും സംശയങ്ങൾ ദൂരീകരിക്കാനും അവസരങ്ങളുണ്ടായി. തിരൂരങ്ങാടിയിലെ ചെമ്മാട് ദാറുൽ ഹുദാ വിദ്യാലയത്തിൽ പഠിക്കുമ്പോൾ പല വെള്ളിയാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടിലെത്തുമായിരുന്നു. അപൂർവമായ പല പുസ്തകങ്ങളും കോഴിക്കോട്ടു പോയി ഫോട്ടോകോപ്പി എടുക്കാൻ അദ്ദേഹം തന്നു. ദാറുൽ ഹുദായിൽ അവസാനവർഷ വിദ്യാർഥികൾ തീസിസ് എഴുതേണ്ട സാഹചര്യം വന്നപ്പോൾ ചരിത്രം, പ്രത്യേകിച്ച് ജീവചരിത്രം, എങ്ങനെ എഴുതണമെന്ന് ഞങ്ങൾ 20 പേർക്കു പറഞ്ഞുതരുമോ എന്ന ആവശ്യവുമായി എംജിഎസിനെ സമീപിച്ചപ്പോൾ അദ്ദേഹം    സന്തോഷപൂ‍ർവം സമ്മതിച്ചു.  ഒരു ദിവസം മുഴുവൻ ചരിത്രത്തിന്റെ ബാലപാഠങ്ങൾ മുതൽ തീസിസ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വരെ വിശദമായി പറഞ്ഞുതന്നു. അവയിൽ പലതും ഞങ്ങളെയെല്ലാം ഏറെ സ്വാധീനിക്കുകയും അൽപമൊക്കെ ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു തീസിസ് എഴുതണമെങ്കിൽ 200 പുസ്തകങ്ങളെങ്കിലും വായിച്ച് കുറിപ്പു തയാറാക്കണമെന്ന കാര്യം. ദാറുൽ ഹുദയുടെ ലൈബ്രറി കാണുന്നതിനിടയിൽ ‘എന്നോട് സംസാരിക്കാത്തവയാണ് ഇവയെല്ലാം’ എന്ന് കാവ്യാത്മകമായി അദ്ദേഹം പരിഭവിച്ചതോർമയുണ്ട്.

പിന്നീട് ഉപരിപഠനങ്ങൾക്കായി ഡൽഹി ജെഎൻയുവിലും നെതർലൻഡ്സിലെ ലൈഡൻ യൂണിവേഴ്സിറ്റിയിലുമെല്ലാം പോയപ്പോഴും നാട്ടിൽ വരുമ്പോൾ സുഹൃത്തുക്കളോടൊപ്പം അദ്ദേഹത്തെ കാണാനും സംഭാഷണങ്ങൾ നടത്താനും അവസരമുണ്ടായി. ജെഎൻയുവിൽ എന്റെ സീനിയർ ആയിരുന്ന ഡോ. ദിഗ്‌വിജയ് കുമാർ സിങ്, യൂറോപ്പിലെ എന്റെ സുഹൃത്തുക്കളിലൊരാളായ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ഡോ. ഒഫിറ ഗാംലൈൽ തുടങ്ങിയവരൊക്കെ കേരളത്തിന്റെ പൗരാണികചരിത്രത്തിൽ തൽപരരായിരുന്നതിനാൽ എംജിഎസിനെ സന്ദർശിക്കുന്നത് അനിവാര്യമായിരുന്നു. ചരിത്രരചനാപരമായും ആശയപരമായും ഞങ്ങൾക്കൊക്കെ അദ്ദേഹത്തോടു പല തരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടായിരുന്നു. എങ്കിലും അവയ്ക്കെല്ലാം മീതെയായിരുന്നു അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും.

  വിദ്യാർഥികളോടും സാധാരണക്കാരോടും വലിപ്പച്ചെറുപ്പങ്ങളില്ലാതെ, അക്കാദമിക ജാടകളില്ലാതെ അദ്ദേഹം നടത്തിയിരുന്ന സംഭാഷണങ്ങളും സംവാദങ്ങളും ക്ഷോഭങ്ങളും കേരളത്തിൽ ചരിത്രം ഒരു ജനകീയവിഷയമാക്കി നിലനിർത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.  അദ്ദേഹം എടുത്ത ചില രാഷ്ട്രീയ നിലപാടുകളോടും ചരിത്രരചനയിലെ സമീപനങ്ങളോടും വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. എങ്കിലും ചരിത്രത്തെ ശാസ്ത്രീയമായി പഠിക്കുന്നതിലും ആ അറിവുകൾ തലമുറകളിലേക്കു പകരുന്നതിലും അദ്ദേഹം കാണിച്ച മാതൃക ഉദാത്തമാണ്. അദ്ദേഹത്തെപ്പോലെ മനുഷ്യത്വം അതിന്റെ എല്ലാ ഔന്നത്യങ്ങളോടെയും നിറഞ്ഞ പണ്ഡിതർ നമുക്കിടയിൽ ഏറെയുണ്ടാവട്ടെ. 


(ചരിത്രകാരനും യുകെ എഡിൻബറ സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ ലക്ചററുമാണ് ലേഖകൻ)

English Summary:

M.G.S. Narayanan: M.G.S. Narayanan's influence on a young historian is explored in this article. Dr. Mahmood Kouri recounts his personal experiences and the invaluable mentorship he received from this eminent scholar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com