ADVERTISEMENT

തിരുവനന്തപുരം ∙ നികുതി വരുമാനം നേരിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികനില ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചതു പോലെ ടേക്ക് ഓഫിനു തയാറെടുക്കാൻ കഴിയുന്നത്ര തൃപ്തികരമല്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ (2024–25) പ്രാഥമിക ഓഡിറ്റ് കണക്കുകൾ. ജിഎസ്ടി വളർച്ച നിരക്ക് കഴിഞ്ഞ വർഷത്തെ 6.08 ശതമാനത്തിൽ നിന്ന് 7.61 ശതമാനത്തിലേക്ക് ഉയർന്നെങ്കിലും ഇതു മികച്ച നിരക്കല്ല. സ്റ്റാംപ് ഡ്യൂട്ടി, കേന്ദ്ര നികുതി വിഹിതം, മറ്റു നികുതികൾ, നികുതി ഇതര വരുമാനങ്ങൾ എന്നിവയിലും വർധനയുണ്ട്. പക്ഷേ, കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും കുത്തനെ ഇടിഞ്ഞു. കുറഞ്ഞത് 4,726 കോടി രൂപ. 

വരുമാനം കുതിക്കുന്നില്ലെങ്കിലും മുൻ വർഷങ്ങളിലേതിനെക്കാൾ ഉയർന്ന തുക കടമെടുക്കാൻ കഴിഞ്ഞതിനാൽ സർക്കാരിനു പിടിച്ചു നിൽക്കാനായി. 44,979 കോടി രൂപയാണ് കഴിഞ്ഞ വർഷം കടമെടുത്തത്. മുൻവർഷത്തെക്കാൾ 12,000 കോടി രൂപ അധികം.

കണക്കുകൾ പറയുന്നത്

∙ കഴി‍ഞ്ഞ 5 വർഷത്തെ കണക്കുകൾ അനുസരിച്ച് ജിഎസ്ടി, സ്റ്റാംപ് ഡ്യൂട്ടി, ലാൻഡ് റവന്യു വരുമാനങ്ങൾ തുടക്കത്തിൽ ഉയർന്ന വളർച്ച നിരക്കിലായിരുന്നെങ്കിൽ കഴിഞ്ഞ വർഷത്തേതു പോരാ.
∙ ഇന്ധനത്തിൽ നിന്നും മറ്റുമുള്ള വിൽപന നികുതിയിൽ ആദ്യ 4 വർഷം ശരാശരി 700 കോടിയുടെ വീതം വർധനയുണ്ടായെങ്കിൽ കഴിഞ്ഞ വർഷത്തെ വളർച്ച 5 കോടി മാത്രം.
∙ കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം ഓരോ വർഷവും ശരാശരി 1,000 കോടി വീതം കൂടുന്നു. എന്നാൽ, കഴിഞ്ഞ വർഷം 3,400 കോടി രൂപയുടെ വൻ വർധന. നികുതി ഇതര വരുമാനത്തിൽ 245 കോടിയുടെ വർധന.
∙ ഭൂനികുതി അടക്കം ലാൻഡ് റവന്യു ഇനത്തിൽ കുത്തനെ ഇടിവ്. 2021–22ൽ 470 കോടിയായിരുന്ന ലാൻഡ് റവന്യു 2022–23ൽ 720 കോടിയായി ഉയർന്നു. 2023–24ൽ 711 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം വീണ്ടും ഇടിഞ്ഞ് 608 കോടിയായി.

∙ എക്സൈസ് ഡ്യൂട്ടിയിലും 72 കോടിയുടെ കുറവ്. മുൻപ് ഓരോ വർഷവും വർധിച്ചു വന്നിരുന്ന ഇനം. വായ്പകൾ തിരിച്ചുപിടിച്ചതിലും 24 കോടിയുടെ കുറവ്.
∙ ഭരണച്ചെലവിൽ 7,449 കോടിയുടെ സ്വാഭാവിക വർധന. പലിശച്ചെലവിൽ 1,980 കോടി കൂടി. ശമ്പളച്ചെലവ് 1,455 കോടിയും പെൻഷൻ ചെലവ് 2,231 കോടിയും വർധിച്ചു.
∙ പദ്ധതികൾ ഒട്ടേറെ വെട്ടിക്കുറച്ചെങ്കിലും വികസന പദ്ധതികൾക്കായുള്ള ചെലവിൽ 1,537 കോടി വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെ ഒട്ടേറെ ബില്ലുകൾക്ക് ഇൗ വർഷം പണം നൽകിയതാണു കാരണം. ആകെ ചെലവിട്ടത് 14,643 കോടി രൂപ. വായ്പകൾ നൽകുന്നതിനുള്ള ചെലവിൽ 454 കോടി കുറവ്.
∙ ആകെ വരവ് 1.25 ലക്ഷം കോടി രൂപ. ആകെ ചെലവ് 1.70 ലക്ഷം കോടി. കടമെടുത്തത് 44,979 കോടി.

English Summary:

Kerala Government's Financial Health: Kerala Government Revenue Rises, But Still Falls Short

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com