ADVERTISEMENT

തിരുവനന്തപുരം∙ കൊല്ലത്ത് അഷ്ടമുടിക്കായലോരത്തുള്ള വീട്ടിലായിരുന്നു ഷാജി എൻ.കരുണിന്റെ ബാല്യം. കൂട്ടിനു മുത്തച്ഛനും മുത്തശ്ശിയും. കായലിലേക്കു വാതിൽ തുറക്കുന്ന വീട്. പകലും രാത്രിയും ഓളങ്ങളിലേക്കു പതിക്കുന്ന നിഴലും വെളിച്ചവും കൗതുകത്തോടെ നോക്കിനിന്ന കുട്ടി. കായലിൽ കണ്ട സൂര്യോദയവും അസ്തമയവും മഴയും മഞ്ഞുമെല്ലാം മണിക്കൂറുകളോളം കണ്ടുനിന്ന അനുഭവമാണ് ആ കുട്ടിയെ ഫൊട്ടോഗ്രഫിയിലേക്കും പിന്നീടു ചലച്ചിത്ര സംവിധാനത്തിലേക്കും കൂട്ടിക്കൊണ്ടുപോയത്. മുതിർന്നപ്പോഴും കായലിനോടും കടലിനോടുമുള്ള ഇഷ്ടം വിട്ടില്ല.കായംകുളം വേരാളിത്തറയിൽ കരുണാകരന്റെയും കണ്ടച്ചിറ മേലേതെക്കതിൽ ചന്ദ്രമതിയുടെയും മകൻ. പ്രാഥമിക വിദ്യാഭ്യാസം കൊല്ലം തേവള്ളി സ്കൂളിൽ. ലോക്കൽ ഫണ്ട് എക്സാമിനറായിരുന്ന അച്ഛന് സ്ഥലംമാറ്റമായതോടെ ഷാജിയുടെ ജീവിതം തിരുവനന്തപുരത്തായി. മകന്റെ സ്വഭാവത്തിലെ പ്രത്യേകതകൾ എടുത്തുപറഞ്ഞിരുന്നത് അമ്മയായിരുന്നു: ‘അവൻ മനസ്സിലുള്ള സ്നേഹമത്രയും പുറത്തു കാണിക്കും. ആരോടും ഇഷ്ടത്തിലേ പെരുമാറൂ. സംസാരിക്കുന്നതിനും വാക്കുകൾ ഉച്ചരിക്കുന്നതിനും ഒരു പതിഞ്ഞ മട്ട്’.

അമ്മയുടെ വിലയിരുത്തൽ ശരിയെന്നു പിന്നീടെത്രയോ വട്ടം തെളിഞ്ഞു. ‘പിറവി’ക്ക് സംസ്ഥാന സർക്കാർ നൽകിയ രണ്ടാം സ്ഥാനം നിരസിച്ചപ്പോൾ പോലും അതേപ്പറ്റിയുള്ള ചർച്ചകളിൽനിന്നു സൗമ്യമായി അകന്നുനിന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗത്വം രാജിവച്ചപ്പോഴും പരിഭവമില്ലാതെ സൗമ്യഭാവം തുടർന്നു. വിമർശിച്ചവരെ നേരിൽ കാണുമ്പോഴും ഇഷ്ടം മാത്രം! തിരുവനന്തപുരത്ത് ബ്രിട്ടിഷ് ലൈബ്രറിയിലെ നിത്യസന്ദർശകനായിരുന്ന പ്രീഡിഗ്രിക്കാരന് എല്ലാ വിഷയത്തിനും നല്ല മാർക്കു കിട്ടി. പക്ഷേ മലയാളത്തിനു തോറ്റു ! ഷാജിയുടെ മാധ്യമം ‘ഭാഷ’യെക്കാൾ ‘ദൃശ്യ’മായി തുടങ്ങിയ കാലമായിരുന്നു അത്. മലയാളം വീണ്ടുമെഴുതി വിജയിച്ചു. യൂണിവേഴ്സിറ്റി കോളജിൽനിന്നു കെമിസ്ട്രി ബിരുദം ഉയർന്ന മാർക്കോടെ പാസായപ്പോൾ മെഡിസിനും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും അപേക്ഷിച്ചു. മെ‍ഡിസിൻ അച്ഛന്റെ ഇഷ്ടപ്രകാരം; ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തം ആഗ്രഹത്തിലും.

ആദ്യം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചു. പിന്നാലെ മെഡിസിന് കാർഡ് വന്നു. പുണെയിലെ 2000 അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 8 പേരിൽ രണ്ടാം റാങ്കുകാരൻ ഷാജിയായിരുന്നു. സിനിമയും ക്യാമറയും പഠിക്കാൻ പോയ ഷാജിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം അത്ര പഥ്യമായില്ല. കടുകെണ്ണയിലുള്ള ഭക്ഷണം മടുത്തു. തിരികെ വരാൻ ഒരുങ്ങിയപ്പോൾ അച്ഛൻ വിലക്കി: ‘ആദ്യം ചേർന്നയിടത്തു തന്നെ പഠിച്ചാൽ മതി’. മകന്റെ വഴി സ്റ്റെതസ്കോപ്പിലെ മിടിപ്പുകളല്ല, ക്യാമറാലെൻസിലെ കാഴ്ചകളാണെന്ന് അച്ഛൻ മനസ്സിലാക്കിയിരിക്കണം. പിന്നീട് ഷാജി അതെപ്പറ്റി പറഞ്ഞു, ‘രോഗമല്ല, സമൂഹമായിരുന്നു ശരിക്കും എന്റെ വഴി’.ഫസ്റ്റ് ക്ലാസും ഇൻസ്റ്റിറ്റ്യൂട്ടിലെ മികച്ച വിദ്യാർഥിക്കുള്ള മെഡലും ‘ഓർവോ’ സ്കോളർഷിപ്പും നേടിയാണ് പുറത്തിറങ്ങിയത്. മികച്ച ഡിപ്ലോമ ഫിലിമിന് ഛായാഗ്രഹണത്തിനുള്ള വെള്ളി മെഡലും കിട്ടി. ബിരുദ സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സത്യജിത് റേ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. പുണെ വിട്ടശേഷം കുറച്ചുകാലം മുംബൈ ദൂരദർശനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. നാട്ടിൽ തിരിച്ചെത്തി ചലച്ചിത്ര വികസന കോർപറേഷനിൽ ഉദ്യോഗസ്ഥനായി.

  • Also Read

മധു അമ്പാട്ടിനൊപ്പം ‘ഞാവൽപഴങ്ങൾ’ എന്ന സിനിമ ചിത്രീകരിച്ച ഷാജിയുടെ ആദ്യ സ്വതന്ത്ര ഛായാഗ്രഹണം കെ.പി.കുമാരന്റെ ‘ലക്ഷ്മീവിജയം’ ആയിരുന്നു. കണ്ണമ്മൂലയിൽ ഷാജിയുടെ കുടുംബം താമസിക്കുന്നതിന് അടുത്തായിരുന്നു ഡോ.പി.കെ.ആർ.വാരിയരുടെ കുടുംബവും. വാരിയരുടെ മക്കൾ അനസൂയയും ബാബുവും (കൃഷ്ണവാരിയർ) കരുണാകരന്റെ മക്കൾ ഷാജിയും ഷീലയും കുട്ടിക്കാലം മുതലേ കളിച്ചു വളർന്നവരായിരുന്നു. ആ അടുപ്പം പിന്നീട് പിരിയാനാവാത്ത വിധം ഹൃദയങ്ങളിലേക്കും വളർന്നു. അയൽക്കാരെന്ന നിലയിലുള്ള ആ ബന്ധം പിന്നീട് പരസ്പരം ജീവിത പങ്കാളികളായും അവർ നിലനിർത്തി. 1975 ജനുവരി ഒന്നിന് തന്റെ പിറന്നാൾ ദിനത്തിലാണ് ഷാജി, അനസൂയയെ മതപരമായ ചടങ്ങുകൾ ഒഴിവാക്കി വിവാഹം കഴിച്ചത്. സിനിമയിലേക്കും ഛായാഗ്രഹണത്തിലേക്കും വഴി തിരിച്ചുവിട്ട ബാബു അണ്ണൻ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവ്യൂ മോശമായിട്ടും പ്രവേശനം നൽകിയ മൃണാൾ സെൻ, പിന്നെ സിനിമയെടുക്കാൻ ഒപ്പം കൂട്ടിയ ജി.അരവിന്ദൻ. ഇവരില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താനില്ലെന്ന് ഷാജി പറഞ്ഞിട്ടുണ്ട്.

English Summary:

Shaji N. Karun: A Master of Malayalam Cinematography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com