അതിരപ്പിള്ളിക്കെതിരെ വീണ്ടും സിപിഐ

Mail This Article
തിരുവനന്തപുരം∙ അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കെഎസ്ഇബിയുടെ നീക്കത്തെ എതിർക്കുമെന്ന് സിപിഐ വ്യക്തമാക്കി. പദ്ധതി ആവശ്യമില്ലെന്ന സിപിഐയുടെ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ‘മനോരമ’യോട് പറഞ്ഞു. കെഎസ്ഇബിക്ക് പെട്ടെന്ന് ഇങ്ങനെ ഒരു ചിന്ത ഉദിച്ചതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിലും പദ്ധതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ രണ്ടു ഘട്ടത്തിലും സിപിഐ ശക്തമായി എതിർത്തു. എൽഡിഎഫിലെ മറ്റു കക്ഷികളും പൂർണമായും യോജിച്ചില്ല. ഇടതുപക്ഷ അനുഭാവികളും പരിസ്ഥിതി പ്രവർത്തകരും പ്രക്ഷോഭ സൂചനകൾ നൽകി. പ്രതിപക്ഷവും വിയോജിച്ചു.
ഇതെത്തുടർന്ന് അഭിപ്രായ ഐക്യം രൂപപ്പെട്ടാൽ മാത്രം പദ്ധതിയുമായി മുന്നോട്ടു പോയാൽ മതിയെന്ന ധാരണ എൽഡിഎഫിൽ രൂപപ്പെട്ടു. ഇതു നിലനിൽക്കെയാണ് മുന്നണിയിലോ സിപിഎം – സിപിഐ തലത്തിലോ ചർച്ചയില്ലാതെ പദ്ധതിക്കായുള്ള നീക്കം കെഎസ്ഇബി കഴിഞ്ഞദിവസം വാർത്തക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. വിനോദസഞ്ചാര പദ്ധതിയുമായി കൂട്ടിയിണക്കി നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ഏക മാറ്റം. പദ്ധതിക്കെതിരെയുള്ള വാദമുഖങ്ങൾ ഖണ്ഡിക്കാനും കെഎസ്ഇബി ചെയർമാൻ മുതിർന്നു.
രാഷ്ട്രീയതലത്തിൽ ഇതു സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വൻകിട ജലവൈദ്യുത പദ്ധതികൾ ലോകത്താകെ വേണ്ടെന്നു വയ്ക്കുന്ന സാഹചര്യമാണുള്ളത്. മറ്റൊരു സൈലന്റ്‌വാലിയായി അതിരപ്പിള്ളിയെ മാറ്റേണ്ട കാര്യമില്ല. പരിസ്ഥിതിക്കും പ്രകൃതിക്കും ഇണങ്ങുന്ന വികസനമാണ് പ്രളയത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആ ശരിയായ നിലപാട് എൽഡിഎഫ് ഉയർത്തിപ്പിടിക്കുമെന്നു ബിനോയ് വ്യക്തമാക്കി.
പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രഖ്യാപിച്ചു. തീവ്രമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ജനങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും ഉപജീവന മാർഗത്തിനും കനത്ത വെല്ലുവിളി ഉയർത്തുന്നതുമായ പദ്ധതിക്കാണ് കെഎസ്ഇബി നീക്കം നടത്തുന്നത്. വിനോദ സഞ്ചാരത്തിന്റെ പേരു പറഞ്ഞ് നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതി നീർച്ചാലിനെ ബാധിക്കില്ല: മന്ത്രി
തിരുവനന്തപുരം ∙ അതിരപ്പിള്ളിയിലെ പുതിയ പദ്ധതി ചർച്ചയ്ക്കു വച്ചിട്ടേയുള്ളൂവെന്നും തീരുമാനമായിട്ടില്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. നീർച്ചാലിനെ ബാധിക്കാത്ത പദ്ധതിയാണു വിഭാവനം ചെയ്യുന്നത്. ടൂറിസത്തിനു ഗുണകരമാകുമെന്നാണു മനസ്സിലാക്കുന്നത്. എല്ലാവർക്കും വേണമെങ്കിൽ മതി എന്ന മുൻനിലപാടിൽ മാറ്റമില്ലെന്നും മന്ത്രി ‘മനോരമ’യോടു പറഞ്ഞു.