രാഷ്ട്രീയ നേതാവിന്റെ മകനായത് നേട്ടമായില്ല : ബിജു പ്രഭാകർ

Mail This Article
തിരുവനന്തപുരം ∙ രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ട് നേട്ടത്തേക്കാൾ കോട്ടമാണുണ്ടാക്കിയതെന്നു കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ. സ്വകാര്യ, കേന്ദ്ര– സംസ്ഥാന സർക്കാർ സർവീസുകളിലായി 35 വർഷത്തെ സേവനത്തിനു ശേഷം ഇന്നു വിരമിക്കുന്നതിനു മുന്നോടിയായി സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ബിജു പ്രഭാകരന്റെ വെളിപ്പെടുത്തൽ. തന്നെ സംസ്ഥാന സർവീസിൽ സ്ഥിരപ്പെടുത്താൻ ഉത്തരവ് നൽകിയത് അന്നത്തെ തൊഴിൽ മന്ത്രി വി.പി.രാമകൃഷ്ണപിള്ളയായിരുന്നു. അച്ഛനുമായി അദ്ദേഹത്തിന് സുഹൃദ് ബന്ധമുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ കിട്ടിയ ഏക രാഷ്ട്രീയ സഹായവും ഇതായിരുന്നെന്ന് ബിജു പറയുന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകർ.
ഐടി അറ്റ് സ്കൂൾ പ്രോജക്ട് ഡയറക്ടറായിരിക്കെ താനും വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയും കൂടി മൈക്രോസോഫ്റ്റിൽനിന്ന് 25 കോടി കൈക്കൂലി വാങ്ങി എന്ന് 2002 ൽ നിയമസഭയിൽ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ, പിന്നീട് അതിൽ ഉറച്ചു നിൽക്കാതിരുന്നത് വസ്തുത മനസ്സിലാക്കിയതുകൊണ്ടാണ്. പ്രതിസന്ധിഘട്ടത്തിൽ അന്നത്തെ എംഎൽഎ പി.ടി.തോമസ് പിന്തുണ നൽകി. ഇ.കെ.നായനാരുടെ കാലത്തെ കരാർ വിശദമാക്കിയായിരുന്നു നിയമസഭയിൽ പി.ടിയുടെ പ്രസംഗം. മികച്ച മാർക്കും എൻട്രൻസ് വഴി എൻജിനീയറിങ്ങും നേടിയപ്പോഴും കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മൂന്നാം റാങ്ക് വഴി ജോലിക്കു ചേർന്നപ്പോഴും എല്ലാം അച്ഛന്റെ സ്വാധീനത്തിൽ കിട്ടിയതാണെന്നു പറഞ്ഞവരുണ്ട്. സിപിഎമ്മുകാരൻ പിഎസ്‌സി ചെയർമാനായിരിക്കെ, ഡപ്യൂട്ടി കലക്ടർ പരീക്ഷയിൽ സംസ്ഥാനത്തു മൂന്നാം റാങ്ക് വാങ്ങിയപ്പോൾ അച്ഛൻ പറഞ്ഞിട്ടാണു കിട്ടിയതെന്നും ചിലർ പറഞ്ഞു. ജീവിച്ചിരിപ്പില്ലാത്തതിനാൽ അച്ഛൻ അതു കേട്ടില്ല.– ബിജു പ്രഭാകർ കുറിപ്പിൽ പറയുന്നു.