ഇരട്ടി അധ്വാനിച്ചാൽ മാത്രം സ്ത്രീകൾക്ക് അംഗീകാരം: ശാരദ മുരളീധരൻ

Mail This Article
തിരുവനന്തപുരം ∙ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിഞ്ഞു വീട്ടിലെത്തിയാൽ ശാരദ മുരളീധരൻ ചെയ്യുന്നതെന്തായിരിക്കും? ഒരു പക്ഷേ, ജോലിത്തിരക്കുമൂലം ഏറെക്കാലമായി മാറ്റിവച്ചിരിക്കുന്ന പിയാനോ വായിക്കും. അല്ലെങ്കിൽ കാണാനാശിച്ചിരുന്ന സിനിമകളിൽ ഏതെങ്കിലുമൊന്നു കണ്ടുതീർക്കും. ജോലി ഗൗരവമായും ജീവിതം ലളിതമായും കാണുന്ന ശാരദയുടെ ശീലമറിയാവുന്നവർക്ക് അദ്ഭുതമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതു ശാരദ വിരമിക്കുന്നതു കാത്താണെന്നു പറയുന്നവരുണ്ട്. എന്നാൽ സർക്കാരിലോ പുറത്തോ എന്തെങ്കിലും ചുമതല തൽക്കാലം ഏറ്റെടുക്കുന്നില്ലെന്ന് ശാരദ മുരളീധരൻ ‘മലയാള മനോരമ’യോടു പറഞ്ഞു.
Q സിവിൽ സർവീസിലെ സ്ത്രീ ജീവിതത്തെക്കുറിച്ച്?
A രാവിലെ അമ്മ പറഞ്ഞൊരു കാര്യമുണ്ട്, ‘പുരുഷൻമാരുടെ പല ദൗർബല്യവും അംഗീകരിക്കുന്ന സമൂഹം സ്ത്രീകളുടെ കാര്യത്തിൽ അങ്ങനെയല്ല. രണ്ടിരട്ടി മെച്ചപ്പെട്ട പ്രവർത്തനം പുറത്തെടുത്തെങ്കിൽ മാത്രമേ, സ്ത്രീ നല്ല രീതിയിൽ പ്രവർത്തിച്ചെന്ന് ആളുകൾ അംഗീകരിക്കുകയുള്ളൂ’. ഇതു ശരിയാണ്. എവിടെയും സ്ത്രീകൾക്ക് അംഗീകാരം ലഭിക്കാൻ ഇരട്ടി അധ്വാനം വേണ്ടിവരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സിവിൽ സർവീസിൽ സ്ത്രീകളുടെ സ്ഥാനം മെച്ചപ്പെട്ടതാണ്. പക്ഷേ തൊഴിലിടം കൂടുതൽ സ്ത്രീസൗഹൃദമായി മാറണം.
Q 35 വർഷത്തെ സിവിൽ സർവീസ് ജീവിതം കൊണ്ട് എന്തു ചെയ്യാനായി?
A കുടുംബശ്രീയെ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയതുവഴിയുള്ള സ്ത്രീ ശാക്തീകരണത്തിൽ പങ്കുവഹിക്കാനായി. പഞ്ചായത്തിരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് 14ാം ധനകാര്യ കമ്മിഷൻ തദ്ദേശസ്ഥാപനങ്ങൾക്ക് 3 ലക്ഷം കോടി രൂപ അനുവദിച്ചത്. സംസ്ഥാനങ്ങളുമായി ചേർന്നു പദ്ധതി രൂപീകരിക്കുമ്പോൾ കേരളമായിരുന്നു മാതൃക. ഈ സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിൽ ഒപ്പംനിൽക്കാനായതും അഭിമാനകരം.
Q 8 മാസത്തെ ചീഫ് സെക്രട്ടറി പദവിയിൽ എത്രമാത്രം വെല്ലുവിളി നിറഞ്ഞത്?
A വയനാട് പുനരധിവാസം എന്ന വെല്ലുവിളിയോടെയാണു തുടങ്ങിയത്. ദുരിതാശ്വാസപ്രവർത്തനത്തിൽ പിന്തുണ എളുപ്പം കിട്ടും. അതു കഴിഞ്ഞുള്ള ഘട്ടം സർക്കാർ ഒറ്റയ്ക്കു താണ്ടണം. വിമർശിക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടിവന്നു. കണ്ണൂരിൽ ഉണ്ടായതുപോലെയുള്ള (എഡിഎമ്മിന്റെ ആത്മഹത്യ) ഭരണപരമായ പല പ്രശ്നങ്ങൾ. എല്ലാം വെല്ലുവിളികളായിരുന്നു.
Q എ.ജയതിലകും എൻ.പ്രശാന്തും തമ്മിലുള്ള തർക്കം തലവേദന സൃഷ്ടിച്ചോ?
A ഉദ്യോഗസ്ഥർക്കിടയിലെ തർക്കത്തെക്കുറിച്ചു കൂടുതലായി ഞാൻ കമന്റ് ചെയ്യുന്നില്ല. ഈ സാഹചര്യം ചീഫ് സെക്രട്ടറിക്കു നേരിടേണ്ടിവരുന്നതു ഖേദകരമാണ് എന്നുമാത്രം പറയാം.
Q ഭാവി ജീവിതം ‘പ്ലാൻ’ ചെയ്തിട്ടുണ്ടോ?
A പ്ലാൻ ചെയ്തുള്ള ജീവിതത്തിൽനിന്നു കുറച്ചുനാളെങ്കിലും മാറിജീവിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ഔദ്യോഗിക വീട് ഒഴിഞ്ഞാൽ വഴുതക്കാട്ടെ കുടുംബവീട്ടിലേക്കു മാറും. സ്ഥിരമായി താമസിക്കാൻ ഉദ്ദേശിക്കുന്നതു കോഴിക്കോട്ടാണ്.