ADVERTISEMENT

തിരുവനന്തപുരം ∙ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡ് വിഭജിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടായേക്കും. വിഭജനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കൾ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിൽ ഉടൻ വിധി വരുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. ഇതിനു ശേഷമാകും അന്തിമ വിജ്ഞാപനം . 

വാർഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീലുള്ളത്. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിക്കുന്നു. എന്നാൽ, ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജനസംഖ്യ മാറിയ സാഹചര്യത്തിൽ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രീം കോടതി ആരായുകയും ചെയ്തിരുന്നു.

941 പഞ്ചായത്തുകളിലായി 1375, ആറ് കോർപറേഷനുകളിലും 87 നഗരസഭകളിലുമായി 135 എന്നിങ്ങനെ 1510 പുതിയ വാർഡുകൾ സൃഷ്ടിക്കുന്ന കരട് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബർ 18നു പ്രസിദ്ധീകരിച്ചിരുന്നു. ഇതിനായി നിലവിലെ ഭൂരിഭാഗം വാർ‍ഡുകളുടെയും അതിർത്തികളിലും മാറ്റം വരുത്തി. പരാതികളിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണവും തുടർന്നു കലക്ടർമാർ സമർപ്പിച്ച റിപ്പോർട്ടും കമ്മിഷൻ നേരിട്ടു നടത്തിയ തെളിവെടുപ്പും പൂർത്തിയായിട്ട് 2 മാസത്തിലേറെയായി.

602 തദ്ദേശ സ്ഥാപനങ്ങൾ വനിതകൾ ഭരിക്കും; പൊതുവിഭാഗത്തിന് 531, ജില്ലാ പഞ്ചായത്തുകളിലൊന്ന് പട്ടികജാതി വിഭാഗത്തിന്

സംസ്ഥാനത്ത് അടുത്ത തദ്ദേശ പൊതുതിരഞ്ഞെടുപ്പിനു ശേഷം 1200 തദ്ദേശ സ്ഥാപനങ്ങളിൽ 602 ഇടങ്ങളിൽ അധ്യക്ഷപദവി വനിതകൾക്ക്. ഇതിൽ 57 പട്ടികജാതി വനിതകളും 10 പട്ടികവർഗ വനിതകളും ഉൾപ്പെടുന്നു. പൊതുവിഭാഗത്തിൽ 531 അധ്യക്ഷരുണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലുമായുള്ള അധ്യക്ഷരുടെ സംവരണ കണക്കാണു സർക്കാർ നിശ്ചയിച്ചു നൽകിയത്. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിലാകും ഈ സംവരണമെന്നു നിശ്ചയിക്കുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. 

തദ്ദേശ സ്ഥാപനങ്ങളും അധ്യക്ഷ സംവരണവും കോർപറേഷനുകളും നഗരസഭകളും

∙ 6 കോർപറേഷനുകൾ: പൊതുവിഭാഗം 3, വനിത ആകെ 3 (വനിതാ പൊതുവിഭാഗം 3). എസ്‌സി, എസ്‌സി വനിത, എസ്ടി, എസ്ടി വനിത എന്നിവയ്ക്ക് സംവരണം ഇല്ല. 

∙ 87 നഗരസഭകൾ: പൊതുവിഭാഗം 39, വനിത ആകെ 44 (വനിതാ പൊതുവിഭാഗം 41).  എസ്‌സി ആകെ 6 ( എസ്‌സി 3, എസ്‌സി വനിത 3). എസ്ടി ആകെ 1 (എസ്ടി 1. എസ്ടി വനിതയ്ക്കു സംവരണം ഇല്ല). 

ത്രിതലപഞ്ചായത്തുകൾ

∙ 941 ഗ്രാമപ്പഞ്ചായത്തുകൾ: പൊതുവിഭാഗം 416, വനിത ആകെ 471( വനിതാ പൊതുവിഭാഗം 417). എസ്‌സി ആകെ 92 ( എസ്‍സി വനിത 46). എസ്ടി 16, (എസ്ടി  8, എസ്ടി വനിത 8). 

∙ 52 ബ്ലോക്ക് പഞ്ചായത്തുകൾ: പൊതുവിഭാഗം 67, വനിത ആകെ 77 ( വനിതാ പൊതുവിഭാഗം 67). എസ്‌സി ആകെ 15 ( എസ്‌സി 7, എസ്‌സി വനിത 8).  എസ്‌ടി  ആകെ 3 ( എസ്‌ടി 1, എസ്‌ടി വനിത 2).  

∙ 14 ജില്ലാ പഞ്ചായത്തുകൾ: പൊതുവിഭാഗം 6, വനിത ആകെ 7 (വനിതാ പൊതുവിഭാഗം 7). എസ്‌സി ആകെ 1( എസ്‌സി 1). എസ്‌സി വനിത, എസ്ടി, എസ്ടി വനിത എന്നിവയ്ക്കു സംവരണമില്ല.

English Summary:

Kerala Local Body Elections: Kerala Local Body Ward Division Notification Imminent; 602 Kerala Local Bodies Reserved for Women Presidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com