ആശമാർക്ക് അധിക ഓണറേറിയം പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങൾ കുഴങ്ങുന്നു

Mail This Article
കൊച്ചി ∙ ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് അധിക ഓണറേറിയം പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വെട്ടിൽ. മാർച്ച് മാസത്തെ ബജറ്റിൽ പ്രഖ്യാപിച്ച അധിക ഓണറേറിയം മേയ് മാസമായിട്ടും ഒരിടത്തും നൽകാനായില്ല. കോൺഗ്രസ് ഭരിക്കുന്ന നഗരസഭകളും പഞ്ചായത്തുകളും ആശാ വർക്കർമാർക്ക് അധിക ഓണറേറിയം നൽകുമെന്നു കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഭരണത്തിലുള്ള ഏതാനും ഭരണസമിതികൾ അതിനു മുൻപുതന്നെ ബജറ്റിൽ ഉൾപ്പെടുത്തി 1,000 രൂപ മുതൽ 5,000 രൂപവരെ അധിക ഓണറേറിയം പ്രഖ്യാപിച്ചു. എന്നാൽ ഒരിടത്തും ആശമാർക്കു പണം നൽകാനായില്ല.ജില്ലാ ആസൂത്രണ സമിതി അനുമതിയില്ലാതെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പണം വിതരണം ചെയ്യാനാവില്ലെന്ന വ്യവസ്ഥയാണു പ്രഖ്യാപനം നടപ്പാക്കുന്നതിനു തടസ്സമായത്. സർക്കാർ അനുമതിയില്ലാത്തതിനാൽ അധിക ഒണറേറിയം നൽകാൻ സെക്രട്ടറിമാർ തയാറല്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രോജക്ടിന്റെ അടിസ്ഥാനത്തിലേ പണം ചെലവഴിക്കാനാവൂ. പ്രോജക്ടുകൾക്കു ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി വേണം. സംസ്ഥാന പ്ലാനിങ് ബോർഡിന്റെ മാർഗനിർദേശത്തിലാണു ജില്ലാ ആസൂത്രണ സമിതികൾ പ്രവർത്തിക്കേണ്ടത്. സ്കീം വർക്കേഴ്സിന് അധിക തുക നൽകുന്ന കാര്യം മാർഗനിർദേശത്തിലില്ല. സർക്കാരിനു വേണമെങ്കിൽ ഇതിനു പ്രത്യേക ഉത്തരവിറക്കി അധിക ഓണറേറിയം നൽകാം. എന്നാൽ സർക്കാർ സമരത്തിന് എതിരായതിനാൽ അതുണ്ടാവുന്നില്ല. അധിക ഓണറേറിയം പ്രഖ്യാപിച്ച നഗരസഭകൾ അനുമതിക്കായി ജില്ലാ ആസൂത്രണ സമിതികളെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിന് ഇതു സംബന്ധിച്ചു നഗരസഭകൾ അപേക്ഷ നൽകിയിട്ടുണ്ട്. അതും നിരസിച്ചാൽ കോടതിയെ സമീപിക്കാനാണു കോൺഗ്രസ് ഭരണത്തിലുള്ള നഗരസഭകളിലെ ചെയർമാൻമാരുടെ തീരുമാനം.